വിജിലൻസിൽ നിന്നാണെന്ന് പറഞ്ഞ് അനൂപ് ജേക്കബിൽ നിന്ന് പണം തട്ടാൻ ശ്രമം
1564554
Tuesday, June 3, 2025 7:10 AM IST
കൂത്താട്ടുകുളം: പിറവം എംഎൽഎ അനൂപ് ജേക്കബിനെ സൈബർ തട്ടിപ്പിൽ കുടുക്കാൻ ശ്രമിച്ചതായി പരാതി. വിജിലൻസിൽ നിന്നാണെന്ന് പറഞ്ഞ് എംഎൽഎയെ ഫോണിൽ വിളിച്ച് പണം ആവശ്യപ്പെടുകയായിരുന്നു. ഞായറാഴ്ച രാവിലെ 10 ന് മുളന്തുരുത്തിയിലുള്ള പരിപാടിയിൽ പങ്കെടുക്കാനുള്ള യാത്രയ്ക്കിടെയാണ് സംഭവം.
ബംഗളൂരു ടെലി കമ്യൂണിക്കേഷൻസ് വിജിലൻസ് വിഭാഗത്തിൽ നിന്നാണെന്ന് പരിചയപ്പെടുത്തിയാണ് ഫോണ് വിളിച്ചത്. എംഎൽഎയുടെ പേരിൽ മറ്റൊരു സിം കാർഡ് രജിസ്റ്റർ ചെയ്തിട്ടുണ്ടെന്നും ഇതിൽനിന്ന് വിളിച്ച് ഭീഷണിപ്പെടുത്തിയെന്നും സാന്പത്തികതട്ടിപ്പ് നടത്തിയതായും പരാതി ലഭിച്ചിട്ടുണ്ടെന്നും അറിയിച്ചു.
എംഎൽഎയുടെ എല്ലാ സിം കാർഡുകളും ബ്ലോക്ക് ചെയ്യുമെന്ന് ഭീഷണിപ്പെടുത്തുകയും ഇതിൽ നിന്ന് ഒഴിവാക്കാൻ പിഴയടയ്ക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്തു.
അഖിലേഷ് ശർമ എന്ന് സ്വയം പരിചയപ്പെടുത്തിയ ആളാണ് എംഎൽഎയെ ഭീഷണിപ്പെടുത്തിയത്. തട്ടിപ്പ് മനസിലാക്കിയ എംഎൽഎ, ദേഷ്യത്തിൽ, നിങ്ങളുടെ ഓഫീസ് എവിടെയാണെന്ന് ചോദിച്ചതോടെ തട്ടിപ്പുകാരൻ കോൾ കട്ട് ചെയ്ത് രക്ഷപ്പെട്ടു. സംഭവം സംബന്ധിച്ച് എംഎൽഎ കൂത്താട്ടുകുളം പോലീസിൽ പരാതി നൽകി.
നന്പർ സംബന്ധിച്ചുള്ള കൂടുതൽ വിവരങ്ങൾ ലഭിക്കുന്നതിനായി സൈബർ സെല്ലിന്റെ സഹായം തേടിയതായി കൂത്താട്ടുകുളം പോലീസ് അറിയിച്ചു. തട്ടിപ്പ് നടത്തിയ ഫോൺ ഉടമയുടെ മേൽവിലാസം കിട്ടുന്ന മുറയ്ക്ക് തുടർനടപടികളിലേക്ക് കടക്കുമെന്നും പോലീസ് അറിയിച്ചു.