ദീപിക യംഗ് ജീനിയസ് മീറ്റും ഉന്നത വിജയികൾക്ക് ആദരവും മൂവാറ്റുപുഴയിലും കോതമംഗലത്തും
1564558
Tuesday, June 3, 2025 7:10 AM IST
മൂവാറ്റുപുഴ: എസ്എസ്എൽസി, പ്ലസ്ടു പരീക്ഷാ വിജയികൾക്കായി ദീപിക യംഗ് ജീനിയസ് മീറ്റും ഉന്നതവിജയം നേടിയവർക്ക് ആദരവും മൂവാറ്റുപുഴയിലും കോതമംഗലത്തും രണ്ടു ദിവസങ്ങളിലായി നടക്കും. പരിപാടിയോടനുബന്ധിച്ചു വിദഗ്ധർ നയിക്കുന്ന കരിയർ ഗൈഡൻസ് ക്ലാസുകളും ഉണ്ടാകും.
നാളെ രാവിലെ പത്തിന് മൂവാറ്റുപുഴ നിർമല ഹയർ സെക്കൻഡറി സ്കൂളിൽ നടക്കുന്ന യംഗ് ജീനിയസ് മീറ്റ് ഫ്രാൻസിസ് ജോർജ് എംപി ഉദ്ഘാടനം ചെയ്യും. കോതമംഗലം രൂപത വികാരി ജനറാൾ മോൺ. പയസ് മലേക്കണ്ടത്തിൽ അധ്യക്ഷത വഹിക്കും. രാഷ്ട്രദീപിക മാനേജിംഗ് ഡയറക്ടർ ഫാ. മൈക്കിൾ വെട്ടിക്കാട്ട് മുഖ്യപ്രഭാഷണം നടത്തും.
ഡയറക്ടറും കൊച്ചി റസിഡന്റ് മാനേജരുമായ ഫാ. സൈമൺ പള്ളുപ്പേട്ട, ഡയറക്ടർ റവ.ഡോ. തോമസ് പോത്തനാമുഴി, ജനറൽ മാനേജർ ഫാ. ജിനോ പുന്നമറ്റം, ഡിഎഫ്സി കോതമംഗലം രൂപത ഡയറക്ടർ ഫാ. ആന്റണി പുത്തൻകുളം, സ്കൂൾ പ്രിൻസിപ്പൽ ഫാ. പോൾ എടത്തൊട്ടി എന്നിവർ പ്രസംഗിക്കും.
എസ്എസ്എൽസി, പ്ലസ്ടു പരീക്ഷകളിൽ എല്ലാ വിഷയങ്ങൾക്കും എ പ്ലസ് നേടിയവർ, സിബിഎസ്ഇ, ഐസിഎസ്ഇ പരീക്ഷകളിൽ 90 ശതമാനത്തിനു മുകളിൽ മാർക്ക് നേടിയവർ, ഉന്നത വിജയം നേടിയ സ്കൂളുകൾ എന്നിവരെ ചടങ്ങിൽ ആദരിക്കും.
ജർമൻ ഭാഷാപരിശീലന രംഗത്തെ പ്രമുഖരായ എൻ. ഏബിൾ ട്രെയ്നിംഗ് ഇൻസ്റ്റിറ്റ്യൂട്ടിലെ (ഇന്ത്യാസ് ബിഗസ്റ്റ് ജർമൻ ലാംഗ്വേജ് ഗുരുകുലം) വിദഗ്ധർ കരിയർ ഗൈഡൻസ് ക്ലാസുകൾ നയിക്കും. എസ്എസ്എൽസി, പ്ലസ്ടു പരീക്ഷകളിൽ വിജയിച്ച മൂവാറ്റുപുഴ മേഖലയിലെ എല്ലാ വിദ്യാർഥികൾക്കും ക്ലാസിൽ പങ്കെടുക്കാം.
കോതമംഗലം വിമലഗിരി പബ്ലിക് സ്കൂളിൽ ദീപിക യംഗ് ജീനിയസ് മീറ്റും ഉന്നത വിജയികൾക്ക് ആദരവും അഞ്ചിനു രാവിലെ 10നു നടക്കും. ആന്റണി ജോൺ എംഎൽഎ അധ്യക്ഷത വഹിക്കുന്ന സമ്മേളനം, മൂവാറ്റുപുഴ രൂപത വികാരി ജനറാൾ ഫാ. വർഗീസ് പന്തിരയിത്തടത്തിൽ ഉദ്ഘാടനം ചെയ്യും. എസ്എസ്എൽസി, പ്ലസ്ടു പരീക്ഷകളിൽ വിജയിച്ച കോതമംഗലം മേഖലയിലെ എല്ലാ വിദ്യാർഥികൾക്കും ക്ലാസിൽ പങ്കെടുക്കാം.
കൂടുതൽ വിവരങ്ങൾക്ക് ഫോൺ: 9387549034, 9387549002.