ഗതാഗതക്കുരുക്കിൽ കൊച്ചി നിലച്ചു
1573340
Sunday, July 6, 2025 4:25 AM IST
കൊച്ചി: നഗരത്തെ വലച്ച് മണിക്കൂറുകളോളം നീണ്ട ഗതാഗതക്കുരുക്ക്. കലൂര്‍ മുതല്‍ ഇടപ്പള്ളി വരെയും ഇടപ്പള്ളി ബൈപ്പാസിലുമാണ് ഇന്നലെ വൈകിട്ട് മണിക്കൂറുകള്‍ നീണ്ട ഗതാഗതക്കുരുക്ക് അനുഭവപ്പെട്ടത്. ഇതിനുപുറമേ എറണാകുളം എംജി റോഡ്, തേവര ഭാഗം, വൈറ്റില, കരിങ്ങാച്ചിറ- തിരുവാങ്കുളം റൂട്ട് എന്നിവിടങ്ങളിലും ഗതാഗതക്കുരുക്ക് രൂക്ഷമായിരുന്നു.
വൈകിട്ട് അഞ്ചോടെ ആരംഭിച്ച കുരുക്ക് അഴിഞ്ഞത് രാത്രി ഏറെ വൈകിയാണ്. ഇതോടെ വഹനയാത്രക്കാര് ദുരിതത്തിലായി. നഗരത്തിലെ ഷോപ്പിംഗ് മാളില്‍ ഓഫര്‍ സെയില്‍ പ്രഖ്യാപിച്ചതും കൊച്ചിയില്‍ ഗതാഗതക്കുരുക്ക് ഇരട്ടിയാകാന്‍ കാരണമായെന്ന് പോലീസ് പറഞ്ഞു. ട്രാഫിക് പോലീസിന് പുറമേ വാഹന യാത്രികരും ഇറങ്ങിയാണ് പലയിടത്തും ഗതാഗതം നിയന്ത്രിച്ചത്.
പ്രധാന റോഡുകള്‍ വാഹനംകൊണ്ട് നിറഞ്ഞതിന് പിന്നാലെ കുരുക്കില്‍ നിന്ന് രക്ഷനേടാന്‍ നഗരത്തിനുള്ളിലെ ഇടറോഡുകളിലേക്ക് വലിയ വാഹനങ്ങളടക്കം കൂട്ടത്തോടെ എത്തിയത് അവിടെയും ഗതാഗതക്കുരുക്ക് രൂക്ഷമാക്കി.
കൃത്യസമയത്ത് സര്‍വീസ് നടത്താനാകാതെ കെഎസ്ആര്‍ടിസി, സ്വകാര്യ ബസുകളും വലഞ്ഞു. ആലുവ, വൈറ്റില ഭാഗത്തേക്ക് ബസ് സര്‍വീസുകളെ ആശ്രയിച്ച പലരും കുരുക്ക് നീണ്ടതോടെ ഒടുവില്‍ മെട്രോയിലാണ് യാത്ര തുടർന്നത്.
മെട്രോ രണ്ടാം ഘട്ട നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നടക്കുന്ന പാലാരിവട്ടം-കാക്കനാട് പാതയില്‍ ഗതാഗതക്കുരുക്ക് കാര്യങ്ങള്‍ വഷളാക്കി. കലൂരിലെയും ഇടപ്പള്ളിയിലെയും ട്രാഫിക് സിഗ്നല്‍ സംവിധാനങ്ങള്‍ രാത്രി വൈകിയാണ് സാധാരണ നിലയിലായത്.