മനുഷ്യാവകാശ കമ്മീഷനും ഓംബുഡ്സ്മാനും പരാതി നൽകി
1573105
Saturday, July 5, 2025 4:48 AM IST
മൂവാറ്റുപുഴ: നഗരത്തിലെയും സമീപ പഞ്ചായത്തുകളും ആശ്രയിക്കുന്ന നഗരസഭ ശ്മശാനം അറ്റകുറ്റപ്പണികളുടെ പേരിൽ തുടരെ അടച്ചിടുന്നതും ഇതിന്റെ പേരിൽ നടക്കുന്ന മനുഷ്യാവകാശ ലംഘനങ്ങളും അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് പൊതുപ്രവർത്തകൻ മുണ്ടയ്ക്കൽ എം.ജെ. ഷാജി മനുഷ്യാവകാശകമ്മീഷനും എൽഎസ്ജി ഓംബുഡ്സ്മാനും പരാതി നൽകി.
ഉറ്റവരുടെ മൃതദേഹങ്ങളുമായി എത്തുന്ന ബന്ധുക്കളെ നെട്ടോട്ടം ഓടിക്കുകയും അവരെ മാനസികമായി തളർത്തുകയും ചെയ്യുന്നു. ഇവിടെ എത്തിക്കുന്ന മൃതദേഹങ്ങളോട് അനാദരവ് കാണിക്കുന്നുവെന്നാണ് മനുഷ്യാവകാശ കമ്മീഷന് നൽകിയ പരാതിയിൽ പറയുന്നത്.
നഗരസഭ സെക്രട്ടറി, ചെയർമാൻ, ഹെൽത്ത് സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയർമാൻ എന്നിവരെ എതിർകക്ഷികളാക്കി അറ്റകുറ്റപ്പണികളുടെ പേരിൽ നടക്കുന്ന ക്രമക്കേടുകളും അഴിമതിയും അന്വേഷിച്ച് നിയമനടപടികൾ സ്വീകരിക്കണമെന്ന് എൽഎസ്ജി ഓംബുഡ്സ്മാന് നൽകിയ പരാതിയിൽ ആവശ്യപ്പെട്ടിട്ടുണ്ട്.