മലയാറ്റൂർ പള്ളിയിൽ ദുക്റാന തിരുനാൾ ആഘോഷിച്ചു
1572606
Friday, July 4, 2025 4:17 AM IST
മലയാറ്റൂർ: അന്തർ ദേശീയ തീർഥാടന കേന്ദ്രമായ കുരിശുമുടിയിലും സെന്റ് തോമസ് പള്ളിയിലും ദുക്റാന തിരുനാൾ ആഘോഷിച്ചു. ആഘോഷമായ തിരുനാൾ കുർബാനയും നേർച്ച സദ്യയും ഉണ്ടായിരുന്നു. വിശുദ്ധ കുർബാനയ്ക്ക് ഫാ. ആന്റണി കാട്ടുപറമ്പിൽ നേതൃത്വം നൽകി. ഫാ. ബിബിൻ മുളവരിക്കൽ സന്ദേശം നൽകി.
നേർച്ചസദ്യയുടെ വെഞ്ചിരിപ്പ് കർമം മലയാറ്റൂർ പള്ളി വികാരി ഫാ. ജോസ് ഒഴലക്കാട് നിർവഹിച്ചു. അസി. വികാരി ഫാ. നിഖിൽ മുളവരിക്കൽ, ഫാ. മാത്യു പെരുമായൻ, റോജി എം. ജോൺഎംഎൽഎ , ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കൊച്ചുത്രേസ്യ തങ്കച്ചൻ, ജില്ലാ പഞ്ചായത്തംഗം അനിമോൾ ബേബി, കൈകാരന്മാരായ തോമസ് കരോട്ടപുറം, ജോയ് മുട്ടതോട്ടിൽ, അഗസ്റ്റിൻ വല്ലൂരാൻ,
വൈസ് ചെയർമാൻ ലൂയിസ് പയ്യപ്പിള്ളി, ഫുഡ് കമ്മിറ്റി കൺവീനർമാരായ സേവ്യർ പനഞ്ചിക്കൽ, ടിനു തറയിൽ, തങ്കച്ചൻ കുറിയോടത്ത്, ജിനോ മാണിക്യത്താൻ എന്നിവർ നേതൃത്വം നൽകി. 10,000 ത്തോളം ഭക്തജനങ്ങൾ നേർച്ചസദ്യയിൽ പങ്കുകൊണ്ടു. കുരിശുമുടിയിൽ സ്പിരിച്ചൽ ഡയറക്ടർ ഫാ. ജോസ് വടക്കന്റെ നേതൃത്വത്തിൽ വിശുദ്ധ കുർബാനയും നൊവേനയും നടന്നു. പാ ചോറ് വിതരണവും ഉണ്ടായിരുന്നു.