മെട്രോ രണ്ടാംഘട്ട നിർമാണം: ഗതാഗതക്കുരുക്കിനെതിരെ പ്രതിഷേധം
1572612
Friday, July 4, 2025 4:17 AM IST
കാക്കനാട്: മെട്രോ റെയിലിന്റെ രണ്ടാംഘട്ട നിർമാണവുമായി ബന്ധപ്പെട്ട് ജനം അനുഭവിക്കുന്ന രൂക്ഷമായ ഗതാഗതക്കുരുക്കിനു പരിഹാരമാവശ്യപ്പെട്ട് കോൺഗ്രസ് തൃക്കാക്കര ഈസ്റ്റ് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽഎറണാകുളം കളക്ടറേറ്റ് ജംഗ്ഷനിൽ നടന്ന പ്രതിഷേധ ധർണ ഹൈബി ഈഡൻ എംപി ഉദ്ഘാടനം ചെയ്തു.
രണ്ടാംഘട്ടനിർമാണ പ്രവർത്തനങ്ങൾ ആരംഭിച്ചതോടെ മരണക്കുഴിയായി മാറിയ റോഡുകൾ യുദ്ധകാലാടിസ്ഥാനത്തിൽ ഗതാഗതയോഗ്യമാക്കാൻ നടപടി വേണമെന്ന് ഹൈബി ഈഡൻ ആവശ്യപ്പെട്ടു. ടിവി സെന്റർ തുടങ്ങിയ പ്രധാന സ്ഥലങ്ങളിൽ അടിപ്പാതകളും സർവീസ് റോഡുകളും നിർമിച്ച് ഗതാഗത സൗകര്യം മെച്ചപ്പെടുത്തണമെന്നും കോൺഗ്രസ് ഈസ്റ്റ് മണ്ഡലം പ്രസിഡന്റ് എം.എസ്. അനിൽകുമാർആവശ്യപ്പെട്ടു.
മെട്രോ റെയിൽവേയുടെ ഒന്നാംഘട്ട നിർമാണ സമയത്ത് സ്വീകരിച്ച ഗതാഗത സുരക്ഷാ മുൻകരുതലുകൾ പാലിക്കാതെയുള്ള രണ്ടാംഘട്ട നിർമാണം ശരിയല്ലെന്നു നേതാക്കൾ കുറ്റപ്പെടുത്തി.
കോൺഗ്രസ് ബ്ലോക്ക് പ്രസിഡന്റ് റാഷിദ് ഉള്ളംപിള്ളി, മുനിസിപ്പൽ ചെയർപേഴ്സൺ രാധാമണിപിള്ള മുനിസിപ്പൽ കൗൺസിലർമാരായ വി.ഡി. സുരേഷ്, എം.ഒ. വർഗീസ്, സി.സി. വിജു , ഉണ്ണി കാക്കനാട്, കൊച്ചി കോർപ്പറേഷൻ കൗൺസിലർ കെ.എ. വിജയകുമാർ, ബ്ലോക്ക് ഭാരവാഹികളായ കെ.എം. അബ്ബാസ്, അലി പാറേക്കാട്ടിൽ എ.എം. കുഞ്ഞുമക്കർ തുടങ്ങിയവർ പ്രസംഗിച്ചു.