തുരത്തുന്നതിനിടെ കാട്ടാനക്കൂട്ടം പാഞ്ഞടുത്തത് പരിഭ്രാന്തി പരത്തി
1572467
Thursday, July 3, 2025 4:33 AM IST
കോതമംഗലം: കോട്ടപ്പടി കൂവക്കണ്ടത്ത് നാട്ടിലിറങ്ങിയ കാട്ടാനകളെ തുരത്തുന്നതിനിടയിൽ ഫോറസ്റ്റ് ഉദ്യോഗസ്ഥർക്കും നാട്ടുകാർക്കും നേരെ കാട്ടാനക്കൂട്ടം പാഞ്ഞടുത്തു. ദിവസങ്ങളായി കുട്ടിയാനയുൾപ്പെടെ ആറ് ആനകൾ ഈ ഭാഗത്ത് എത്തുന്നുണ്ട്. കാർഷിക വിളകൾ നശിപ്പിക്കുന്നതും പതിവായിരിക്കുകയാണ്.
കോട്ടപ്പാറ വനമേഖലയിൽനിന്നു ചൊവ്വാഴ്ച രാത്രിയിലെത്തിയ കാട്ടാനക്കൂട്ടം ഇന്നലെ പുലർന്നശേഷവും മടങ്ങിയിരുന്നില്ല. ആറ് ആനകളാണ് ഇന്നലെയും സംഘത്തിലുണ്ടായിരുന്നത്. നാട്ടുകാർ അറിയിച്ചതനുസരിച്ചാണ് ആനകളെ ഓടിക്കാൻ വനപാലകരെത്തിയത്. പ്ലാമുടിക്ക് സമീപമുള്ള കൂവക്കണ്ടം ഭാഗത്തുവച്ച് ആനകളിൽ രണ്ടെണ്ണം വനപാലകർക്കും നാട്ടുകാർക്കും നേരെ പാഞ്ഞടുത്തു. അൽപ്പം പകച്ചുപോയ എല്ലാവരും പിന്തിരിഞ്ഞോടിയാണ് ജീവൻ രക്ഷിച്ചത്.
പിന്നീട് ധൈര്യം വീണ്ടെടുത്ത വനപാലകർ ആനകളെ വിരട്ടിയോടിക്കുകയായിരുന്നു.
വനത്തിൽ നിന്നും മൂന്ന് കിലോമീറ്ററോളം മാറി ജനവാസ പ്രദേശത്ത് കല്ലുമല ഭാഗത്ത് ആനക്കൂട്ടം കൃഷി നശിപ്പിച്ചിട്ടുണ്ട്. ഇവിടെനിന്ന് ആനകൾ ജനവാസ മേഖലയിലൂടെയാണ് ഇന്നലെ രാവിലെ വനത്തിലേക്ക് നീങ്ങിയത്. പ്രദേശത്ത് ആനകളിറങ്ങുന്നത് നിത്യസംഭവമാണ്. ആനകൾ കടന്നുകയറാത്ത കൃഷിയിടങ്ങളും പുരയിടങ്ങളും വിരളമാണ്. ജീവിതം പൊറുതിമുട്ടിയെന്ന് നാട്ടുകാർ പറയുന്നു.
കൃഷിയിടവും വീടുമെല്ലാം ഉപേക്ഷിച്ച് മറ്റിടങ്ങളിലേക്ക് ചേക്കേറിയവരും നിരവധിയാണ്. മാസങ്ങൾക്ക് മുന്പ് രാത്രിയിൽ കൃഷിയിടത്തിലിറങ്ങിയ ആനകളെ തുരത്തുന്നതിനിടെ ഒരു കർഷകൻ കുഴഞ്ഞുവീണ് മരിച്ചതും കൂവക്കണ്ടത്താണ്. ആനകൾ നാട്ടിലിറങ്ങുന്നത് തടയാൻ വനാതിർത്തിയിൽ ഫെൻസിംഗ് സ്ഥാപിക്കുന്നതിനുള്ള പ്രവർത്തനം നടന്നുവരികയാണ്. ഫെൻസിംഗ് ശാശ്വതമായ പ്രശ്നപരിഹാരത്തിന് പ്രാപ്തമല്ലെന്നാണ് പൊതുവേയുള്ള നാട്ടുകാരുടെ വിലയിരുത്തൽ.