ഇടക്കൊച്ചിയിൽ വാഹനത്തിൽ നിന്നും ഡീസൽ റോഡിലേക്ക് ഒഴുകിപ്പരന്നു
1572131
Wednesday, July 2, 2025 4:04 AM IST
പള്ളുരുത്തി: ഇടക്കൊച്ചിയിൽ വാഹനത്തിന്റെ ഇന്ധന ടാങ്കിൽ നിന്ന് ഡീസൽ റോഡിൽ ഒഴുകി ആറോളം ഇരുചക്രവാഹന യാത്രികർ റോഡിൽ തെന്നി വീണു.ഇടക്കൊച്ചി ഹൈവേയിൽ കുമ്പളം ഫെറി മുതൽ അക്വിനാസ് കോളജ് വരെ രണ്ട് കിലോമീറ്ററോളമാണ് റോഡിലേക്ക് ഡീസൽ ചോർന്നൊഴുകിയത്. ഇതിന് പിന്നാലെ ഇരുചക്രവാഹനങ്ങൾ ഓരോന്നായി തെന്നിവീണു. ഇതോടെ ഇവിടെ വാഹന ഗതാഗതം തടസപ്പെട്ടു.
ഡീസൽ പരന്നതിനെ തുടർന്ന് പ്രദേശവാസികൾ ആദ്യം മെറ്റൽ പൊടി വിതറിയിരുന്നു. സമീപത്തെ വ്യാപാരികൾ കൗൺസിലർ അഭിലാഷ് തോപ്പിലിനെ അറിയിച്ചതിനെ തുടർന്ന് അദ്ദേഹം അരൂർ ഫയർ ആൻഡ് റസ്ക്യൂ ടീമിനെ വിളിച്ചുവ രുത്തി റോഡിൽ പരന്ന ഡീസൽ കഴുകി വൃത്തിയാക്കിയതോടെയാണ് ഗതാഗതം കാര്യക്ഷമമായത്.
കൗൺസിലറും സമീപത്തെ വ്യാപാരികളും വാഹനങ്ങൾക്ക് മുന്നറിയിപ്പ് നൽകിയതിനാൽ കൂടുതൽ അപകടം ഉണ്ടായില്ല. തെന്നി വീണ വാഹന യാത്രികർകർക്ക് കാര്യമായ പരിക്കില്ല. ഇന്ധന ടാങ്ക് ചോർന്ന വാഹനം കണ്ടെത്താനായില്ല.
ഫയർഫോഴ്സ് ഉദ്യോഗസ്ഥരായ എം.വി. ഹർഷകുമാർ, ടിജോ ജോസഫ്, പി.പി. മഹേഷ്, അഖിലേഷ്, ജോസഫ് കനേഷ്യസ് പ്രദേശവാസികളായ ബിജിൽ പോൾ, ഫ്രെഡി ജോർജ്, ലാക്സി എന്നിവരും ശുചീകരണത്തിന് നേതൃത്വം നൽകി.