പൂയംകുട്ടി പുഴയിൽ കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെത്തി
1571933
Tuesday, July 1, 2025 7:21 AM IST
കോതമംഗലം: പൂയംകുട്ടി പുഴയിൽ കാണാതായ മണികണ്ഠൻചാൽ വർകൂട്ട്മാവിള പരേതനായ ജപമണിയുടെ മകൻ രാധാകൃഷ്ണന്റെ (ബിജു-37) മൃതദേഹം കണ്ടെത്തി. അഞ്ച് ദിവസത്തെ കാത്തിരിപ്പിനൊടുവിലാണ് രാധാകൃഷ്ണൻ പുഴയിലേക്കു വീണ ചപ്പാത്തിൽനിന്ന്, ഒരു കിലോമീറ്റർ താഴെനിന്ന് മൃതദേഹം ലഭിച്ചത്.
ഫയർഫോഴ്സ് എത്തി കരയ്ക്കെടുത്ത മൃതദേഹം തുടർനടപടികൾക്ക് ശേഷം മൂവാറ്റുപുഴ ജനറൽ ആശുപത്രിയിൽ പോസ്റ്റുമോർട്ടം നടത്തി. മൃതദേഹം വീട്ടിലേക്ക് കൊണ്ടുപോയില്ല. പൂയംകുട്ടി സെന്റ് ജോർജ് പള്ളിയിൽ പൊതുദർശനത്തിന് വച്ച മൃതദേഹത്തിൽ നിരവധി പേർ അന്തിമോപചാരമർപ്പിച്ചു. തുടർന്ന് സംസ്കാരം നടത്തി.
അമ്മ: മേരി. ഭാര്യ: സിൽവി. മക്കൾ: ബിബിൻ, ബിബിന. കുടുംബത്തിന്റെ അത്താണിയായിരുന്നു രാധാകൃഷ്ണൻ. ഈ കുടുംബത്തെ സഹായിക്കാൻ ഇടപ്പെടൽ നടത്തണമെന്ന് നാട്ടുകാർ ജനപ്രതിനിധികളോട് അഭ്യർഥിച്ചു. കഴിഞ്ഞ ബുധനാഴ്ച രാവിലെയാണ് ഒഴുക്കിൽപ്പെട്ടത്. മണികണ്ഠൻചാൽ ചപ്പാത്തിലൂടെ നടക്കുന്പോൾ കുത്തൊഴുക്കിൽപ്പെടുകയായിരുന്നു.