ആഡംബര കാര്‍ ഇറക്കുന്നതിനിടെ അപകടം : കൃത്യമായ അന്വേഷണം വേണമെന്ന് കുടുംബം
1571937
Tuesday, July 1, 2025 7:22 AM IST
കൊച്ചി: എറണാകുളത്ത് ആഡംബര കാര്‍ ഇറക്കുന്നതിനിടെ അപകടത്തില്‍പ്പെട്ട് യുവാവ് മരിച്ച സംഭവത്തില്‍ കൃത്യമായ അന്വേഷണം വേണമെന്ന് കുടുംബം. കഴിഞ്ഞ 22ന് രാത്രി ട്രെയ്ലര് ലോറിയില്‍നിന്ന് ഇറക്കുന്നതിനിടെ നിയന്ത്രണം നഷ്ടപ്പെട്ട കാര്‍ ഇടിച്ചാണ് കൊച്ചി സ്വദേശി റോഷന് ആന്റണി മരിച്ചത്.
ട്രേഡ് യൂണിയനിലെ ആളുകള്‍ രാത്രി വിളിച്ചത് കൊണ്ടാണ് കാര്‍ ഇറക്കാന്‍ റോഷന് പോയതെന്ന് റോഷന് ആന്റണിയുടെ ഭാര്യ ഷെല്‍മ പറഞ്ഞു. മുന്‍പും കാറിറക്കാന്‍ യൂണിയന് അംഗങ്ങള്‍ വിളിച്ചിട്ട് റോഷന് പോയിട്ടുണ്ട്. പരിശീലനം ലഭിച്ചവരാണ് ജോലി ചെയ്തിരുന്നെങ്കില്‍ അപകടം ഒഴിവായേനെയെന്നും കൃത്യമായ അന്വേഷണം വേണമെന്നും ഷെല്‍മ പറഞ്ഞു. മൂന്നും ആറും വയസുള്ള കുഞ്ഞുങ്ങളടങ്ങുന്ന കുടുംബത്തിന്റെ ഏക വരുമാനം റോഷന്റെ ജോലിയായിരുന്നു.
രാത്രി പത്തേകാലോടെയാണ് ഫോണ്‍ വന്നത്. ട്രക്ക് വരുമ്പോള്‍ പോവാറുള്ളതാണ്. കാര്‍ ഇറക്കുന്നത് യൂണിയന്കാരാണെന്ന് റോഷന് പറഞ്ഞിട്ടുണ്ട്. പരിശീലനം ലഭിച്ചവരാണ് ജോലി ചെയ്തിരുന്നെങ്കില്‍ അപകടം ഉണ്ടാകില്ലായിരുന്നു. രണ്ടു കുഞ്ഞുങ്ങളാണ്. എനിക്ക് ജോലിയില്ല. ഷോറൂമില്‍ നിന്ന് ആളുകള്‍ വന്നിരുന്നു. ബോര്‍ഡ് മീറ്റിംഗ് കൂടുന്നുണ്ടെന്നും അതിന് ശേഷം വിളിക്കാമെന്നും അറിയിച്ചു'- ഷെല്‍മ പറഞ്ഞു.
അതേസമയം, സംഭവത്തില്‍ മോട്ടോര്‍ വാഹന വകുപ്പിന്റെ അന്വേഷണ റിപ്പോര്‍ട്ട് രേഖാമൂലം ഇതുവരെ പോലീസിന് ലഭിച്ചിട്ടില്ല. മാനുഷിക പിഴവെന്നാണ് എംവിഡിയുടെ റിപ്പോര്‍ട്ടിലുള്ളത്. സംഭവത്തില്‍ പാലാരിവട്ടം പോലീസും അന്വേഷണം നടത്തുന്നുണ്ട്. ഡ്രൈവറായ അന്‍ഷാദിനെതിരെ മനപൂര്‍വമല്ലാത്ത നരഹത്യ അടക്കം വകുപ്പുകള്‍ ചുമത്തിയാണ് പാലാരിവട്ടം പോലീസിന്റെ നടപടി.
സംഭവത്തില്‍ ഇതുവരെ കേസ് എടുത്തിട്ടില്ല. എംവിഡി റിപ്പോര്‍ട്ട് കിട്ടിയ ശേഷമായിരിക്കും തുടര്‍നടപടികള്‍. എന്നാല്‍ സാക്ഷികളുടെ ഉള്‍പ്പെടെ മൊഴികള്‍ രേഖപ്പെടുത്തിയ പോലീസ് അപകടം വരുത്തിയതില്‍ കൂടുതല്‍ പേര്‍ക്ക് പങ്കുണ്ടോ എന്നും അന്വേഷിക്കുന്നുണ്ട്.