വൈഎംസിഎ ഗോൾഡൻ ജൂബിലി: ഓഡിറ്റോറിയത്തിന്റെ ഉദ്ഘാടനം നിർവഹിച്ചു
1571241
Sunday, June 29, 2025 4:47 AM IST
മൂവാറ്റുപുഴ: വൈഎംസിഎ ഗോൾഡൻ ജൂബിലി ആഘോഷവും പുതിയ ഓഡിറ്റോറിയത്തിന്റെ ഉദ്ഘാടനവും നടത്തി. മൂവാറ്റുപുഴ കോട്ടയം റോഡിൽ കബനി പാലസിനു സമീപം അത്യാധുനിക സംവിധാനങ്ങളോടെ ഗോൾഡൻ ജൂബിലി ആഘോഷത്തിന്റെ ഭാഗമായി നിർമിച്ചിരിക്കുന്ന ആധുനീക രീതിയിലുള്ള ഓഡിറ്റോറിയത്തിന്റെ ഉദ്ഘാടനം വൈഎംസിഎ സൗത്ത് വെസ്റ്റ് ഇന്ത്യ റീജിയണ്‍ ചെയർമാൻ പ്രഫ. അലക്സ് തോമസ് നിർവഹിച്ചു.
തുടർന്ന് പൊതുസമ്മേളനം ഡീൻ കുര്യാക്കോസ് എംപി ഉദ്ഘാടനം ചെയ്തു. വെബ്സൈറ്റിന്റെ ഉദ്ഘാടനം ഫ്രാൻസിസ് ജോർജ് എംപിയും, കോണ്‍ഫറൻസ് ഹാൾ ഉദ്ഘാടനം മാറാടി പഞ്ചായത്ത് പ്രസിഡന്റ് ഒ.പി. ബേബിയും, ഡയറക്ടറിയുടെ ഉദ്ഘാടനം നഗരസഭാധ്യക്ഷൻ പി.പി. എൽദോസും നിർവഹിച്ചു.
അംഗത്വ കാർഡ് വിതരണം സബ് റീജിയണ്‍ ചെയർമാൻ ബൈജു കുര്യാക്കോസ് നിർവഹിച്ചു. ചടങ്ങിൽ മുൻ പ്രസിഡന്റ് സി.എ ഡാനിയേൽ സ്കറിയയുടെ ഫോട്ടോ അനാച്ഛാദനം സ്ഥാപക പ്രസിഡന്റ് പ്രഫ. പി.ഐ. ഡാനിയേലും, അനുസ്മരണ പ്രഭാഷണം ഡോ. ജെയിംസ് മണിത്തോട്ടവും നിർവഹിച്ചു. ഡെന്റ് കെയർ മാനേജിംഗ് ഡയറക്ടർ ജോണ്‍ കുര്യാക്കോസ്, സാബു ജോണ്‍ തുടങ്ങിയവർ പ്രസംഗിച്ചു.