ഇരുന്പനത്ത് കുരിശുപള്ളിയിലും ക്ഷേത്രത്തിലും അതിക്രമം; തമിഴ്നാട് സ്വദേശി പിടിയിൽ
1571941
Tuesday, July 1, 2025 7:22 AM IST
ഇരുമ്പനം: കുരിശുപള്ളിയിലും ക്ഷേത്രത്തിലും അതിക്രമം നടത്തിയ ഇതരസംസ്ഥാനക്കാരനെ നാട്ടുകാർ പിടികൂടി പോലീസിലേൽപ്പിച്ചു. തമിഴ്നാട് സ്വദേശി വിജയ് (30) ആണ് പിടിയിലായത്. പുതിയറോഡ് വിളക്ക് ജംഗ്ഷനിലെ കുരിശുപള്ളിയിലും വെട്ടിക്കാവ് അമ്പലത്തിലുമാണ് ഇയാൾ അതിക്രമം നടത്തിയത്.
കരിങ്ങാച്ചിറ സെന്റ് ജോർജ് യാക്കോബായ കത്തീഡ്രലിന്റെ കീഴിൽ ഇരുമ്പനം പുതിയറോഡ് വിളക്ക് ജംഗ്ഷനിലുള്ള കുരിശുപള്ളിയുടെ ഗ്ലാസ് ഡോറുകളും നിലവിളക്കുകളുമാണ് അടിച്ചു തകർത്ത നിലയിൽ ഇന്നലെ രാവിലെ കാണപ്പെട്ടത്. കുരിശുപള്ളിയുടെ ഇരുവശത്തുമുള്ള ഗ്ലാസ് ഡോറുകളും തകർത്തിരുന്നു. നിലവിളക്കുകളും മറ്റും മറിച്ചിട്ട നിലയിലായിരുന്നു. ഞായറാഴ്ച അർധരാത്രിക്കു ശേഷമാണ് ഇവിടെ ആക്രമണം നടന്നതെന്നു കരുതുന്നു.
കുരിശുപള്ളിയുടെ സമീപത്ത് പ്രവർത്തിക്കുന്ന തട്ടുകടയിലെ കസേരയെടുത്തു കൊണ്ടുവന്നാണ് ഗ്ലാസ് ഡോറുകൾ അടിച്ചുപൊട്ടിച്ചത്. പള്ളി അധികാരികൾ നല്കിയ പരാതിയിൽ ഹിൽപാലസ് പോലീസ് അന്വേഷണം നടത്തിവരികയാണ്.
ഇന്നലെ ഉച്ചയ്ക്ക് 2.30ഓടെ ഇരുമ്പനം വെട്ടിക്കാവ് അമ്പലത്തിൽ കയറി വഴിപാട് കൗണ്ടർ അടിച്ചുപൊളിക്കുകയും കെടാവിളക്ക് മറിച്ചിടുകയും കസേരകൾ നശിപ്പിക്കുകയും ചെയ്യുന്നതു കണ്ട നാട്ടുകാർ ഇയാളെ പിടികൂടി പോലീസിൽ ഏൽപ്പിക്കുകയായിരുന്നു.
കുരിശുപള്ളിയിൽ ആക്രമണമുണ്ടായതറിഞ്ഞ് തൃക്കാക്കര അസി.പോലീസ് കമ്മീഷണർ പി.എസ്.ഷിജു സ്ഥലത്തെത്തിയിരുന്നു. വിവിധ കക്ഷി രാഷ്ട്രീയ നേതാക്കളും കുരിശു പള്ളിയിലെത്തി വിവരങ്ങൾ അന്വേഷിച്ചതിന് പിന്നാലെയാണ് പ്രതിയെ ക്ഷേത്രവളപ്പിൽ നിന്ന് നാട്ടുകാർ പിടികൂടിയത്. പരസ്പരവിരുദ്ധമായാണ് ഇയാൾ സംസാരിക്കുന്നതെന്നും മാനസിക വിഭ്രാന്തിയുള്ളതായി സംശയിക്കുന്നതായും പോലീസ് പറഞ്ഞു.