ആലുവ നോർത്ത് റെയിൽവേ ഓവർ ബ്രിഡ്ജ് നടപ്പാത വെള്ളക്കെട്ടിൽ
1571928
Tuesday, July 1, 2025 7:21 AM IST
ആലുവ: ആലുവ മഹാത്മാഗാന്ധി ടൗൺ ഹാളിനു സമീപമുള്ള നോർത്ത് റെയിൽവേ മേൽപ്പാലം നവീകരിക്കണമെന്ന ആവശ്യം ശക്തമാകുന്നു. മേൽപ്പാലത്തിന്റെ ഇരുവശത്തുമുള്ള നടപ്പാത പൊട്ടിപൊളിഞ്ഞ് പൂർണമായും വെള്ളക്കെട്ടിലായതോടെയാണ് വിദ്യാർഥികളടങ്ങുന്ന കാൽനടക്കാർ പരാതിപ്പെടുന്നത്.
നിലവിൽ ആലുവ സൗത്ത് റെയിൽവേ മേൽപ്പാലത്തിന്റെ കൈവരികളും നടപ്പാതയും നവീകരിച്ചു കൊണ്ടിരിക്കുകയാണ്. അതേ രീതിയിൽ ആലുവ പാലസ് റോഡ് കടന്നുപോകുന്ന സൗത്ത് മേൽപ്പാലത്തിലെ നടപ്പാതയും പുനർനിർമിക്കണമെന്നാണ് കാൽനടക്കാർ ആവശ്യപ്പെടുന്നത്.
നടപ്പാതകൾ ഇരുവശവും വെള്ളക്കെട്ടിലായതിനാൽ തിരക്കേറിയ മേൽപ്പാലത്തിലെ ടാറിംഗ് റോഡിലൂടെയാണ് വിദ്യാർഥികൾ നടക്കുന്നത്. മറ്റ് വാഹനങ്ങളെ മറികടക്കാൻ ഓവർ ടേക്കിംഗ് നടക്കുന്ന മേഖല കൂടിയാണിത്. അതിനാൽ വിദ്യാർഥികൾ റോഡിൽ ഇറണ്ടി നടന്നാൽ അപകട സാധ്യത വളരെ കൂടുതലാണ്. കോൺക്രീറ്റിട്ട് ഉയർത്തി കാൽനടപ്പാതയിലെ വെള്ളക്കെട്ട് ഒഴിവാക്കുന്നതിന് അടിയന്തിര നടപടി വേണമെന്നാണ് പ്രദേശവാസികളുടെ ആവശ്യം.