അങ്കമാലിയിലെ ലൈബ്രറികളിലേക്കു പുസ്തക വിതരണം ഇന്ന്
1571571
Monday, June 30, 2025 4:02 AM IST
അങ്കമാലി: വായനയുടെ വിസ്മയ ലോകം തീര്‍ക്കാന്‍ അങ്കമാലി നിയോജകമണ്ഡലത്തിലെ സംസ്ഥാന ലൈബ്രറി കൗണ്‍സിലിന്റെ അംഗീകാരമുള്ള മുഴുവന്‍ ലൈബ്രറികള്‍ക്കും റോജി എം. ജോണ്‍ എംഎല്‍എയുടെ പ്രാദേശിക വികസന ഫണ്ട് വിനിയോഗിച്ച് വാങ്ങിയ പുസ്തകങ്ങളുടെ വിതരണോദ്ഘാടനം ഇന്ന് വൈകിട്ട് നാലിന് അങ്കമാലി ബ്ലോക്ക് പഞ്ചായത്ത് ഹാളില്‍നടക്കും.
ചടങ്ങ് ഡോ. സുനില്‍ പി. ഇളയിടം ഉദ്ഘാടനം ചെയ്യും. റോജി എം. ജോണ്‍ എംഎൽഎ അധ്യക്ഷത വഹിക്കും. ലൈബ്രറി പ്രസ്ഥാനത്തെ ശക്തിപ്പെടുത്തി നാടിന്റെ മുക്കിലും മൂലയിലും വിദ്യാഭ്യാസ, സാംസ്കാരിക, സാമൂഹിക വളര്‍ച്ച സാധ്യമാക്കുക എന്ന ലക്ഷ്യത്തോടെ നിയമസഭാ സാമാജികരുടെ പ്രത്യേക വികസന നിധിയില്‍ നിന്ന് തുക ചിലവഴിച്ച് 51 വായനശാലകള്‍ക്കാണ് പുസ്തകങ്ങള്‍ നല്‍കുന്നത്.
സംസ്ഥാന ലൈബ്രറി കൗണ്‍സില്‍ അംഗീകാരം ഉള്ള ഗ്രന്ഥശാലകള്‍ക്ക് ഒരു ചെറിയ കൈത്താങ്ങ് എന്ന നിലയില്‍ മുമ്പ് 48 ലൈബ്രറികള്‍ക്ക് എംഎല്‍എ ഫണ്ടില്‍ നിന്നും പുസ്തകങ്ങള്‍ വിതരണം ചെയ്തിരുന്നു.
ചടങ്ങില്‍ ത്രിതല പഞ്ചായത്ത് ജനപ്രതിനിധികള്‍, കലാ-സാംസ്കാരിക രംഗത്തെ പ്രമുഖര്‍, ലൈബ്രറി കൗണ്‍സില്‍ അംഗങ്ങള്‍ തുടങ്ങിയവര്‍ പങ്കെടുക്കും.