വിശ്വാസ പൈതൃകം വിളിച്ചോതി രൂപത ദിനാഘോഷം
1571238
Sunday, June 29, 2025 4:39 AM IST
കാളിയാർ: വിശ്വാസ പൈതൃകം വിളിച്ചോതി കൃതജ്ഞതാ സ്തോത്രം ആലപിച്ച് കൂട്ടായ്മയുടെ ഇഴകൾ നെയ്ത് കാളിയാർ സെന്റ് റീത്താസ് ഫൊറോന പള്ളി പാരിഷ് ഹാളിൽ നടന്ന കോതമംഗലം രൂപത ദിനാഘോഷം പ്രൗഢ ഗംഭീരമായി. ബിഷപ് മാർ ജോർജ് മഠത്തിക്കണ്ടത്തിലിന്റെ മുഖ്യ കാർമികത്വത്തിൽ നടന്ന വിശുദ്ധ കുർബാനയോടെയായിരുന്നു ദിനാഘോഷത്തിന് തുടക്കം കുറിച്ചത്. തുടർന്ന് പ്രാർഥനാ മന്ത്രങ്ങളോടെ ചടങ്ങ് ആരംഭിച്ചു.
മാർ ജോർജ് മഠത്തിക്കണ്ടത്തിൽ അധ്യക്ഷത വഹിച്ച യോഗത്തിൽ കാഞ്ഞിരപ്പള്ളി ബിഷപ് മാർ ജോസ് പുളിക്കൽ രൂപതദിന സന്ദേശം നൽകി. രൂപത വികാരി ജനറാൾ മോണ്‍. വിൻസെന്റ് നെടുങ്ങാട്ട് അവാർഡ് ജേതാക്കളെ പരിചയപ്പെടുത്തി. ഫാ. ആന്റണി ഉരുളിയാനിക്കൽ, സിസ്റ്റർ ആർക്ക് എയ്ഞ്ചൽ, ഡോ. ഇ.വി. ജോർജ് എന്നിവരെ മാർ ജോർജ് മഠത്തിക്കണ്ടത്തിൽ ആദരിച്ചു. ഡോ. ഇ.വി. ജോർജിനു വേണ്ടി ഭാര്യ വൽസമ്മ ജോർജ് മെമന്റോ ഏറ്റുവാങ്ങി. രൂപത വികാരി ജനറാൾ മോണ്‍. പയസ് മലേക്കണ്ടത്തിൽ, ഡീൻ കുര്യാക്കോസ് എംപി, ആന്റണി ജോണ്‍ എംഎൽഎ എന്നിവർ പ്രസംഗിച്ചു. വികാരി ഫാ. ജോസഫ് മുണ്ടുനടയിൽ സ്വാഗതവും പിആർഒ ജോർജ് കേളകം നന്ദിയും പറഞ്ഞു.
ഫാ. മാത്യു മഞ്ഞക്കുന്നേൽ, കത്തോലിക്കാ കോണ്‍ഗ്രസ് രൂപത പ്രസിഡന്റ് സണ്ണി കടൂത്താഴെ, മാതൃവേദി രൂപത പ്രസിഡന്റ് ജാൻസി മാത്യു, കെസിവൈഎം രൂപത പ്രസിഡന്റ് സാവിയോ ജിജി, സിഎംഎൽ രൂപത പ്രസിഡന്റ് സജിൽ ജോർജ് എന്നിവർ നേതൃത്വം നൽകി. പ്രത്യാശയിൽ ഒരുമയോടെ മുന്നേറാം എന്ന ആപ്ത വാക്യം അനുസ്മരിച്ചായിരുന്നു സമ്മേളനം ആരംഭിച്ചത്.
രൂപതയുടെ വിവിധ ഇടവകകളിൽ നിന്നുള്ള വൈദികർ, മിഷണറി വൈദികർ, കന്യാസ്ത്രീകൾ, ഭക്ത സംഘടനാ ഭാരവാഹികൾ, വിശ്വാസ പരിശീലകർ ഉൾപ്പെടെ നൂറുകണക്കിന് വിശ്വാസികൾ ദിനാഘോഷത്തിൽ അണിചേരാനെത്തി. പാരീഷ് ഹാളും പരിസരവും നിറഞ്ഞ സദസിനെ സാക്ഷി നിർത്തിയാണ് സമ്മേളനം നടന്നത്.
തിന്മയ്ക്കെതിരെ പോരാടണം: മാർ മഠത്തിക്കണ്ടത്തിൽ
കാളിയാർ: സമൂഹത്തിൽ വർധിച്ചു വരുന്ന ലഹരി വസ്തുക്കളുടെ ഉപയോഗത്തിനെതിരെയും അരാജകത്വത്തിനെതിരെയും ഒന്നിച്ചു പോരാടണമെന്ന് കോതമംഗലം ബിഷപ് മാർ ജോർജ് മഠത്തിക്കണ്ടത്തിൽ. കാടിറങ്ങി വരുന്നു, കടൽ കയറി വരുന്നു എന്ന ഗുരുതരമായ സ്ഥിതിയാണ് ഇന്ന് നാട്ടിലുള്ളത്.
തൊമ്മൻകുത്തിൽ കുരിശു തകർത്ത സംഭവം എല്ലാവരും ഒരുമിച്ചു നിൽക്കേണ്ടതിന്റെ ആവശ്യകതയാണ് വ്യക്തമാക്കുന്നത്. തിന്മ നിറഞ്ഞ സമൂഹത്തിൽ യഥാർഥ സാക്ഷ്യം നൽകാൻ വിശ്വാസികൾ മുന്നോട്ടു വരണമെന്നും അദ്ദേഹം ആഹ്വാനം ചെയ്തു.
സമൂഹത്തിൽ അവഗണിക്കപ്പെട്ടവർക്കും അശരണർക്കും കാവലും കരുതലുമാകണമെന്ന് കാഞ്ഞിരപ്പള്ളി രൂപത ബിഷപ് മാർ ജോസ് പുളിക്കൽ പറഞ്ഞു. സാമൂഹിക മാറ്റത്തിന്റെ ചാലക ശക്തിയായി നാം മാറണം.
വർഗീയതയും ലഹരി വസ്തുക്കളുടെ ഉപയോഗവും വർധിച്ചുവരുന്ന കാലഘട്ടത്തിൽ ഇതിനെതിരെ ഒന്നിച്ചുനിന്ന് പോരാടണമെന്നും വിശുദ്ധ കുർബാനയിൽ നിന്നും ശക്തി സ്വീകരിച്ച് കൂട്ടായ്മയിൽ വളർന്നാലെ ഇതിനു കഴിയൂവെന്നും ബിഷപ് കൂട്ടിച്ചേർത്തു.