ഞാറക്കൽ താലൂക്കാശുപത്രിയിൽ ഡോക്ടർമാരെ നിയമിക്കാൻ ആരോഗ്യമന്ത്രിക്ക് നിവേദനം
1571574
Monday, June 30, 2025 4:02 AM IST
വൈപ്പിൻ : വൈപ്പിൻ ബ്ലോക്ക് പഞ്ചായത്തിന്റെ കീഴിലുള്ള ഞാറക്കൽ താലൂക്ക് ആശുപത്രിയിൽ ആവശ്യത്തിനു ഡോക്ടർ മാരില്ലാത്തതിനാൽ ചികിത്സതേടിയെത്തുന്ന സാധാരണക്കാർ ദുരിതത്തിൽ. എട്ട് ഡോക്ടർമാർ നിലവിൽ ഉണ്ട് എന്നു പറയുന്നുണ്ടെങ്കിലും ഇവിടെ ഒ.പി.യിൽ പലപ്പോഴും ഒരു ഡോക്ടറുടെ സേവനം മാത്രമാണ് ലഭിക്കുന്നത്.
ഇതുമൂലം ഡോക്ടറെ കാണാൻ രോഗികൾ മണിക്കൂറുകളോളം കാത്ത് നിൽക്കേണ്ട സാഹചര്യമാണവിടെ. കൂടാതെ ആശുപത്രിയിൽ ഗൈനക്കോളജി വിഭാഗം വർഷങ്ങളായി പ്രവർത്തനരഹിതമാണ്. സാഹചര്യങ്ങൾ ഈ വിധമായതിനെ തുടർന്ന് കൂടുതൽ ഡോക്ടർമാരെനിയമിക്കണമെന്നാവശ്യപ്പെട്ട് ഞാറക്കൽ പഞ്ചായത്ത് പ്രസിഡന്റ് മിനിരാജു ആരോഗ്യ മന്തി വീണാ ജോർജിനെ നേരിൽ കണ്ട് നിവേദനം നൽകി.
ഞാറക്കൽ നായരമ്പലം, എടവനക്കാട്, എളങ്കുന്നപ്പുഴ എന്നീ മേഖലകളിലെ സാധാരണക്കാർ ചികിത്സ തേടി എത്തുന്ന ഇവിടെ കിടത്തി ചികിത്സയ്ക്കും മറ്റുമായി എല്ലാവിധ ആധുനിക സൗകര്യങ്ങളുമുള്ള കെട്ടിടവും മറ്റും ഉണ്ടെങ്കിലും ഡോക്ടർമാരുടെ അപര്യാപ്തതമൂലം രോഗികൾക്ക് യഥാവിധം ചികിത്സ ലഭിക്കാതെ വരുന്ന സാഹചര്യവും പ്രസിഡന്റ് നിവേദനത്തിൽ വ്യക്തമാക്കിയിട്ടുണ്ട്.