ഡിജെ പാര്‍ട്ടിക്കിടെ സംഘര്‍ഷം: ചികിത്സയിലുള്ള യുവാവ് പോലീസ് നിരീക്ഷണത്തില്‍
1571938
Tuesday, July 1, 2025 7:22 AM IST
കൊച്ചി: ഡിജെ പാര്‍ട്ടിക്കിടെ സംഘര്‍ഷമുണ്ടായ സംഭവത്തില്‍ യുവതിയെ ദുരുദ്ദേശത്തോടെ കടന്നു പിടിച്ച യുവാവ് ആശുപത്രിയില്‍ പോലീസ് നിരീക്ഷണത്തില്‍ തുടരുന്നു. ശനിയാഴ്ച രാത്രി 10.30 ഓടെ കതൃക്കടവിലെ മില്ലേനിയല്‍സ് (ഇടശേരി) ബാറിലാണ് സംഘര്‍ഷം ഉണ്ടായത്.
ലൈംഗിക ഉദ്ദേശത്തോടെ യുവതിയെ കടന്നുപിടിച്ച സംഭവത്തില്‍ ഇടുക്കി തൊടുപുഴ സ്വദേശി ബഷീറിനെ വൈന്‍ ഗ്ലാസ് കൊണ്ട് യുവതി അടിച്ചു പരിക്കേല്‍പ്പിച്ചിരുന്നു. പരിക്കേറ്റ ഇയാള്‍ നിലവില്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. ഇയാള്‍ നിരീക്ഷണത്തിലാണെന്നും ആരോഗ്യസ്ഥിതി മെച്ചപ്പെട്ടാല്‍ ഉടന്‍ അറസ്റ്റ് രേഖപ്പെടുത്തുമെന്നും എറണാകുളം സെന്‍ട്രല്‍ എസിപി സിബി ടോം പറഞ്ഞു. യുവാവിന് ചെവിക്ക് പിന്നിലാണ് അടിയേറ്റത്. നാല് തുന്നിക്കെട്ടുണ്ട്.
വൈന്‍ ഗ്ലാസ് പൊട്ടിച്ച് യുവാവിനെ അടിച്ച സംഭവത്തില്‍ എറണാകുളത്ത് ജോലി ചെയ്യുന്ന ഉദയംപേരൂര്‍ സ്വദേശിനിയായ യുവതിക്ക് എതിരെ പോലീസ് കേസ് എടുത്തിരുന്നു.
യുവതിയുടെ അറസ്റ്റ് രേഖപ്പെടുത്തി കഴിഞ്ഞ ദിവസം ജാമ്യത്തില്‍ വിട്ടയച്ചു. ഉദയംപേരൂര്‍ സ്വദേശിനിയും സുഹൃത്തുക്കളും തൊടുപുഴ സ്വദേശിയായ യുവാവിന്റെ സുഹൃത്തക്കളുടെ സംഘവുമാണ് ഡിജെ പാര്‍ട്ടിക്ക് എത്തിയത്. പരിപാടിക്കിടെ യുവാവ് യുവതിയെ കടന്നുപിടിച്ചു. ഒരുതവണ താക്കീത് ചെയ്തെങ്കിലും ദുരുദ്ദേശത്തോടെ വീണ്ടും കടന്നുപിടിച്ചതോടെ യുവതി വൈന്‍ ഗ്ലാസ് കൊണ്ട് അടിക്കുകയായിരുന്നു.
ഇതോടെ ഡിജെ നിർത്തിവച്ചു. പരിക്കേറ്റ യുവാവിനെ ഉടന്‍ ആശുപത്രിയിലേക്ക് മാറ്റി. വിവരമറിഞ്ഞ് പോലീസ് സ്ഥലത്തെത്തി യുവതിയെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. ഇതിനിടെ സിസിടിവി ദൃശ്യം പരിശോധിച്ച പോലീസ് യുവതിയുടെ മൊഴിയില്‍ കഴമ്പുണ്ടെന്ന് കണ്ടെത്തുകയും ചെയ്തിരുന്നു.