അരുമ മൃഗങ്ങളുമായി ബാങ്കോക്കിൽനിന്ന് എത്തി; യാത്രക്കാരൻ കസ്റ്റംസിന്റെ പിടിയിൽ
1571939
Tuesday, July 1, 2025 7:22 AM IST
നെടുമ്പാശേരി: അനധികൃതമായി കടത്താൻ ശ്രമിച്ച അരുമ മൃഗങ്ങളുമായി ബാങ്കോക്കിൽനിന്ന് എത്തിയ യാത്രക്കാരൻ കസ്റ്റംസിന്റെ പിടിയിലായി. പോക്കറ്റ് മങ്കികൾ എന്നറിയപ്പെടുന്ന മൂന്ന് മാർമോ സെറ്റുകൾ, രണ്ട് വൈറ്റ് ലിപ്ഡ് ടാമറിന്, ഒരു മക്കാവു തത്ത എന്നിവയാണ് പിടിയിലായത്. കൈക്കുള്ളിൽ ഒതുങ്ങുന്ന കുഞ്ഞൻ കുരങ്ങാണ് മാർമോ സെറ്റ് മങ്കി.
വാലിന് രണ്ടിരട്ടിയോളം നീളമുള്ള ഇതിന്റെ ചെവികൾ വെളുത്തതായിരിക്കും. ഓമന മൃഗമായിട്ടാണ് പലരും ഇതിനെ വളർത്തുന്നത്. മൂന്നു ലക്ഷം രൂപ മുതലാണ് ഇതിന്റെ വില. ആമസോൺ കാടുകളിലാണ് ഈ കുരങ്ങുകളുടെ ജനനം. അതുകൊണ്ട് ഇതിനെ ആമസോൺ മാർമോ സെറ്റ് മങ്കികൾ എന്നും അറിയപ്പെടുന്നു.
കുരങ്ങ് വർഗത്തിൽ തന്നെ പെട്ടതാണ് വൈറ്റ് ലിപ്ഡ് ടാമറിൻ. ഒരടിയോളമാണ് ഇതിന്റെ വലിപ്പം. വെള്ള മീശ ഉള്ളത് പോലെയാണ് മുഖം. അര കിലോഗ്രാമിൽ താഴെ മാത്രം ഭാരമുള്ള ഇതിന്റെ ജനനം ആമസോണ്‍ കാടുകളില്‍ ബ്രസീലിലും ബൊളീവിയയിലുമാണ്. ഉയർന്ന വിലയുള്ളതും ആവശ്യക്കാർ ഏറെ ഉള്ളതുമാണ് ഇവയോടൊപ്പം പിടികൂടിയ മക്കാവു തത്ത. വളർത്തു മൃഗങ്ങളെ ചെറിയ കൂട്ടിലാക്കി ലഗേജിൽ ഒളിപ്പിച്ചിരിക്കുകയായിരുന്നു.
കഴിഞ്ഞ ഡിസംബറിൽ ഇത്തരത്തിൽ ബാങ്കോക്കിൽ നിന്നു കടത്താൻ ശ്രമിച്ച 14 അപൂർവയിനം പക്ഷികളെ കസ്റ്റംസ് പിടികൂടിയിരുന്നു. എന്നാൽ പോക്കറ്റ് മങ്കികളും വൈറ്റ് ലിപ്ഡ് ടാമറിനും പിടിയിലാകുന്നത് ഇതാദ്യമാണ്.
പിടികൂടിയ മൃഗങ്ങളെയും പക്ഷിയെയും വനംവകുപ്പിന് കൈമാറി. എന്തിനു വേണ്ടിയാണ് ഇവയെ കൊണ്ടുവന്നത് എന്നത് സംബന്ധിച്ച് വനംവകുപ്പും അന്വേഷണം ആരംഭിച്ചിട്ടുണ്ട്.