കൊച്ചി താലൂക്കിൽ ഹാജർ രേഖപ്പെടുത്താൻ ഫേസ് ആപ്പ് സംവിധാനം
1571927
Tuesday, July 1, 2025 7:21 AM IST
മട്ടാഞ്ചേരി: കൊച്ചി താലൂക്ക് ഓഫീസിനെ സ്മാർട്ടാക്കി ജീവനക്കാരുടെ ഹാജർ രേഖപ്പെടുത്തുന്നതിന് ഫേസ് ആപ്പ് സംവിധാനം ഇന്ന് നിലവിൽ വരും. ജീവനക്കാർ കൃതൃമായി എത്തുന്നുണ്ടോയെന്ന് ഉറപ്പ് വരുത്തുന്നതിനായി ആധാർ അധിഷ്ഠിത പഞ്ചിംഗ് സമ്പ്രദായം ജില്ലയിൽ നടപ്പിലാക്കുന്ന ആദ്യ താലൂക്കാണ് കൊച്ചി.
ജീവനക്കാർ ഓഫീസിൽ ഹാജരാകുമ്പോൾ ഓഫീസിന്റെ അമ്പത് മീറ്റർ ചുറ്റളിവിൽ നിന്ന് മൊബൈൽ ആപ്പ് ഉപയോഗിച്ച് മുഖം കാണിച്ച് ഹാജർ രേഖപ്പെടുത്താം, തിരിച്ച് ഓഫീസിൽ നിന്ന് പോകുമ്പോഴും ഇത് പോലെ ചെയ്യണം. ഈ വിധം ചെയ്തില്ലെങ്കിൽ ഹാജർ നഷ്ടപ്പെടും.
ഫീൽഡ് ഡ്യൂട്ടിക്ക് പോകുന്നവർ സ്ഥലത്തുനിന്ന് മുഖം കാണിച്ച് ഹാജർ രേഖപ്പെടുത്തണം.
ഫീൽഡിൽ എന്ന് പറഞ്ഞ് മറ്റെവിടെയെങ്കിലും പോകുകയോ വീട്ടിലിരിക്കുകയോ ചെയ്യുന്നത് ഈ സംവിധാനം നടപ്പിലാക്കുന്നതോടെ ഇല്ലാതാകുമെന്നതാണ് പ്രത്യേകത. ഇതിനായി പ്രത്യേകം തയാറാക്കിയ ആപ്പ് ജീവനക്കാർ ഡൗൺ ലോഡ് ചെയ്യണം. ജീവനക്കാർക്ക് പ്രത്യേക ഐഡി നൽകുന്നതിനാൽ മറ്റ് മൊബൈൽ ഫോണിൽ നിന്നും ഹാജർ രേഖപ്പെടുത്താൻ കഴിയും.
കളക്ടറേറ്റിൽ നിലവിൽ ഈ സംവിധാനം പ്രവർത്തിക്കുന്നുണ്ട്. ഇന്ന് മുതൽ ഈ സംവിധാനം വഴി ഹാജർ രേഖപ്പെടുത്തണമെന്ന് കൊച്ചി തഹസിൽദാർ ജോസഫ് ആന്റണി ഹെർട്ടിസ് ജീവനക്കാർക്ക് നിർദേശം നൽകിയിട്ടുണ്ട്.