വിദേശ ജോലി വാഗ്ദാനം : ലക്ഷങ്ങൾ തട്ടിയ പ്രതി അറസ്റ്റിൽ
1572162
Wednesday, July 2, 2025 4:36 AM IST
കോലഞ്ചേരി: വിദേശ രാജ്യങ്ങളിൽ ജോലി വാഗ്ദാനം ചെയ്ത് ലക്ഷങ്ങൾ തട്ടിയ കേസിലെ പ്രതി അറസ്റ്റിൽ. ഓടക്കാലി മറ്റപ്പിള്ളി വീട്ടിൽ സുഭാഷ് എം. വർഗീസ് (48) ആണ് പുത്തൻകുരിശ് പോലീസിന്റെ പിടിയിലായത്. 2024 ഓഗസ്റ്റ് മുതൽ 2025 ഏപ്രിൽ വരെ കോലഞ്ചേരി കടമറ്റത്തു ലാംബ്രോമെലൻ എന്ന സ്ഥാപനം നടത്തിയായിരുന്നു തട്ടിപ്പ്.
കോഴിക്കോട് സ്വദേശിയായ പ്രവീൺ വിശ്വനാഥന്റെ ആധാർ കാർഡ് അഡ്രസും ഉപയോഗിച്ച് ആൾമാറാട്ടം നടത്തിയാണ് ലക്ഷങ്ങൾ തട്ടിയത്. ജോലി അന്വേഷിച്ചെത്തിയ ഒരാളുടെ പേരിൽ ട്രാൻസാക്ഷൻ കാണിക്കുന്നതിനായി എന്ന പേരിൽ ബാങ്ക് അക്കൗണ്ട് എടുത്തു. അതിലൂടെയാണ് ഇടപാടുകൾ നടത്തിയത്.
ജോലി തേടിയെത്തിയ എല്ലാവരോടും 2025 ഏപ്രിലിൽ വിസ റെഡിയാക്കി തരാമെന്ന് പറഞ്ഞു വ്യാജ എഗ്രിമെന്റുകൾ തയാറാക്കി പണം വാങ്ങിയ ശേഷം സ്ഥാപനം പൂട്ടി മുങ്ങുകയായിരുന്നു. പ്രതിയുടെ പേരും അഡ്രസും വ്യാജമായിരിന്നിടത്തുനിന്നാണ് പുത്തൻകുരിശ് പോലീസ് അന്വേഷിച്ച് കണ്ടെത്തിയത്. തിരിച്ചറിയാതിരിക്കാൻ ബസിലായിരുന്നു യാത്രകൾ. പോലീസ് അന്വേഷണം തുടങ്ങിയതറിഞ്ഞ ഇയാൾ വെങ്ങോല ഭാഗത്തെ വാടക വീട്ടിൽനിന്നു രാത്രിയിൽ മുങ്ങുകയായിരുന്നു.
പാലക്കാട് തിരുവില്വാമലയിൽ കുടുംബമായി വാടകയ്ക്ക് താമസിച്ചു വരികയായിരുന്ന ഇയാളെ സാഹസികമായിയാണ് പോലീസ് പിടികൂടിയത്. 2009ൽ കോതമംഗലം അജാസ് വധക്കേസിൽ ഒന്നാംപ്രതിയായി 2018 വരെ ജയിൽ ശിക്ഷ അനുഭവിച്ചിട്ടുണ്ട്.
റൂറൽ ജില്ലാ പോലീസ് മേധാവി എം. ഹേമലതയുടെ മേൽനോട്ടത്തിൽ പുത്തൻകുരിശ് ഡിവൈഎസ്പി വി.ടി. ഷാജൻ, ഇൻസ്പെക്ടർ എൻ. ഗിരീഷ്, കെ.ജി. ബിനോയി, ജി. ശശിധരൻ, ബിജു ജോൺ, കെ.കെ. സുരേഷ്കുമാർ, വിഷ്ണു പ്രസാദ്, രാജൻ കാമലാസനൻ, പി.ആർ. അഖിൽ, പി.എം. റിതേഷ് എന്നിവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്. കൂടുതൽ പേർ കബളിപ്പിക്കപ്പെട്ടിട്ടുണ്ടെന്നാണ് സൂചന.