കെഎസ്ആർടിസി ബസ് സർവീസ് ആരംഭിക്കണമെന്ന്
1572150
Wednesday, July 2, 2025 4:26 AM IST
മൂവാറ്റുപുഴ: മൂവാറ്റുപുഴയിൽനിന്ന് കക്കടാശേരി - കാളിയാർ വഴി കട്ടപ്പനക്കും കട്ടപ്പനയിൽനിന്ന് മൂവാറ്റുപുഴ വഴി എറണാകുളത്തേക്കും, മൂവാറ്റുപുഴ - തേനി റോഡ് വഴി കല്ലൂർക്കാടിനും കെഎസ്ആർടിസി ബസ് സർവീസ് ആരംഭിക്കണമെന്ന് മുൻ എംഎൽഎ എൽദോ ഏബ്രഹാം സർക്കാരിനോട് ആവശ്യപ്പെട്ടു.
നിരവധി യാത്രക്കാരുണ്ടായിരുന്ന കക്കടാശേരി - കാളിയാർ റോഡ് വഴി ചേലച്ചുവട് കെഎസ്ആർടിസി ബസ് സർവീസ് നിലച്ചിട്ട് നാലുവർഷം പിന്നിട്ടു. സ്വകാര്യ ബസ് സർവീസ് മാത്രമാണ് ഇപ്പോളുള്ളത്.
ആദ്യ എൽഡിഎഫ് സർക്കാരിന്റെ ഭരണ കാലയളവിൽ റീബിൽഡ് കേരളയിൽ ഉൾപ്പെടുത്തി 68 കോടി ചെലവിൽ കക്കടാശേരി - കാളിയാർ റോഡും മൂവാറ്റുപുഴ - തേനി റോഡിന് 87 കോടിയും ചെലവഴിച്ച് ഉന്നത നിലവാരത്തിലെത്തിച്ചത് മികച്ച യാത്രാസൗകര്യം ലക്ഷ്യമിട്ടായിരുന്നു. ഈ റൂട്ടിൽ കെഎസ്ആർടിസി ബസ് ആരംഭിച്ചാൽ ആയിരങ്ങൾക്ക് പ്രയോജനം ലഭിക്കും.
മൂവാറ്റുപുഴ - കിഴക്കേക്കര വഴി കല്ലൂർക്കാട് - പെരുമാംകണ്ടം റോഡിൽ നാളിതു വരെ ബസ് സർവീസ് ഇല്ല. കക്കടാശേരി - അഞ്ചൽപ്പെട്ടി - കാലാന്പുർ - പോത്താനിക്കാട് - പൈങ്ങോട്ടുർ വഴി 2007 മുതൽ ആരംഭിച്ച കെഎസ്ആർടിസി സർവീസ് സമീപകാലത്ത് നിലച്ചു.
ഇതു വിദ്യാർഥികൾക്കും തൊഴിലാളികൾക്കും വലിയ പ്രതിസന്ധിയാണ് സൃഷ്ടിച്ചിട്ടുള്ളത്. ഇക്കാര്യത്തിൽ ഗതാഗത വകുപ്പ് പുതിയ സർവീസ് ആരംഭിക്കണമെന്നാവശ്യപ്പെട്ട് എൽദോ ഏബ്രഹാം മന്ത്രി കെ.ബി. ഗണേഷ് കുമാറിന് കത്ത് നൽകി.