മുങ്ങിയ കപ്പലിന്റെ അവശിഷ്ടം : 10 ഇൻബോർഡ് വള്ളങ്ങളുടെ വലകൾ കീറി
1572156
Wednesday, July 2, 2025 4:26 AM IST
വൈപ്പിൻ: കൊച്ചിയിൽ നിന്നും കഴിഞ്ഞ ദിവസം കടലിൽ മത്സ്യബന്ധനത്തിന്നു പോയ 10 ഇൻബോർഡ് വള്ളങ്ങളിലെ വലകൾ കീറിനശിച്ചു. അഴിമുഖത്തിന് തെക്ക് പടിഞ്ഞാറു ഭാഗത്ത് മത്സ്യബന്ധനത്തിനിടെയാണ് സംഭവം. പരീക്ഷണം, ആദിത്യൻ, അയ്യപ്പ ജ്യോതി, ജലനിധി, പ്രത്യാശ, ഉന്നതൻ, പ്രവാചകൻ, അക്വിനാസ് ,അൽ റഹ്മാൻ, ആണ്ടവൻ എന്നീ വള്ളങ്ങളുടെ വലകളാണ് നശിച്ചത്.
ഈ അടുത്ത് ഈ ഭാഗത്തു മുങ്ങിയ എൽസ - 2 എന്ന കപ്പലിന്റെ അവശിഷ്ടങ്ങളിലോ ഇതിൽ നിന്ന് കടലിൽ വീണ് മുങ്ങി കിടക്കുന്ന കണ്ടെയ്നറുകളിലോ തട്ടിയാണ് വലകൾ കീറിയതെന്നാണ് മത്സ്യത്തൊഴിലാളികളുടെ ആരോപണം. ഇതുമൂലം ഓരോ വള്ളത്തിനും ആറു ലക്ഷത്തിനു മേൽ നഷ്ടമുണ്ടായി. മാത്രമല്ല റിപ്പയറിംഗിനായി ഒരാഴ്ചയോളം കരയിൽ കെട്ടിയിടേണ്ടി വരും.
മത്സ്യത്തൊഴിലാളികൾ ഫോർട്ട്കൊച്ചി കോസ്റ്റൽ പോലീസിലും ഫിഷറീസ് അസിസ്റ്റന്റ് ഡയറക്ടർക്കും നിവേദനവും നൽകിയിട്ടുണ്ട്. കഴിഞ്ഞയാഴ്ച തോട്ടപ്പള്ളിക്ക് പടിഞ്ഞാറ് ഒമ്പതു വള്ളങ്ങളുടെ വലകൾ ഇതുപോലെ കീറിനശിച്ചിരുന്നു. തുടർന്ന് തൊഴിലാളികൾ ഫോർട്ടുകൊച്ചിയിൽ എത്തി കോസ്റ്റൽ പോലീസിൽ പരാതിയും നൽകിയിരുന്നു. നഷ്ടപരിഹാരത്തിനു ഹൈക്കോടതിയെ സമീപിക്കാനാണ് ഇവരുടെ നീക്കം.
അതേ സമയം രണ്ട് കപ്പൽ അപകടങ്ങൾക്കും ശേഷം കപ്പൽ കമ്പനിയും സർക്കാരും നിരുത്തരവാദിത്തപരമായ നടപടികളാണ് സ്വീകരിക്കുന്നതെന്ന് കേരള മത്സ്യത്തൊഴിലാളി ഐക്യവേദി (ടിയുസിഐ) സംസ്ഥാന പ്രസിഡന്റ് ചാൾസ് ജോർജ് , സെക്രട്ടറി എൻ.എ. ജെയിൻ എന്നിവർ ആരോപിച്ചു. ആയിരക്കണക്കിന് മത്സ്യത്തൊഴിലാളികൾ തൊഴിലെടുക്കുന്ന ഈ മേഖലയിൽ ശുചീകരണ - രക്ഷാപ്രവർത്തനങ്ങൾ കാര്യക്ഷമമാക്കാൻ സർക്കാർ ശ്രമിക്കുന്നില്ലത്രേ. അടിയന്തരമായി കപ്പലിന്റെ അവശിഷ്ടങ്ങളും കണ്ടെയ്നറുകളും മാറ്റേണ്ടതുണ്ട്.
കപ്പലിലെ എണ്ണയും, കണ്ടെയ്നറുകളിലെ മാലിന്യവും ആശങ്കയുളവാക്കുന്നതാണ് ഇക്കാര്യങ്ങൾ ഉന്നയിച്ചുകൊണ്ട് കേരള മത്സ്യത്തൊഴിലാളി ഐക്യവേദി ഹൈക്കോടതിയിൽ ഹർജി നൽകിയിട്ടുളളതായും നേതാക്കൾ അറിയിച്ചു.