വാഹന പരിശോധനയ്ക്കിടെ എസ്ഐയെ കൈയേറ്റം ചെയ്യാന്‍ ശ്രമം; യുവാവ് അറസ്റ്റില്‍
1572159
Wednesday, July 2, 2025 4:36 AM IST
കൊച്ചി: വാഹന പരിശോധനയ്ക്കിടെ എസ്ഐയെ കൈയേറ്റം ചെയ്യാന്‍ ശ്രമിച്ച സംഭവത്തില്‍ യുവാവ് അറസ്റ്റില്‍. എറണാകുളം മരട് സ്വദേശി മിഥുനെ(34)യാണ് പാലാരിവട്ടം പോലീസ് അറസ്റ്റ് ചെയ്തത്. പാലാരിവട്ടം എസ്ഐ മിഥുന് മോഹനെയും സംഘത്തെയുമാണ് ഇയാള്‍ കൈയേറ്റം ചെയ്യാന്‍ ശ്രമിച്ചത്.
തിങ്കളാഴ്ച രാത്രി 8.30 ന് ചളിക്കവട്ടത്തായിരുന്നു സംഭവം. പോലീസ് വാഹന പരിശോധന നടത്തവേ പോലീസ് പ്രതി മിഥുന്റെ മേല്‍വിലാസം ചോദിക്കുകയുണ്ടായി. ഇതില്‍ പ്രകോപിതനായ പ്രതി എസ്ഐയുമായി വാക്കേറ്റത്തില്‍ ഏര്‍പ്പെടുകയും അസഭ്യം പറഞ്ഞ് പോലീസ് സംഘത്തെ കൈയേറ്റം ചെയ്യാന്‍ ശ്രമിക്കുകയുമായിരുന്നു.
മദ്യലഹരിയിലായിരുന്ന ഇയാളെ തൊട്ടടുത്തുണ്ടായിരുന്ന പോലീസ് കണ്ട്രോള് റൂമിലെ ഉദ്യോഗസ്ഥരടക്കം എത്തിയാണ് കീഴ്പ്പെടുത്തിയത്. ഔദ്യോഗിക കൃത്യ നിര്‍വഹണം തടസപ്പെടുത്തല്‍, പോലീസ് ഉദ്യോഗസ്ഥരെ ആക്രമിക്കല്‍, മദ്യപിച്ച് വാഹനം ഓടിക്കല്‍ എന്നീ വകുപ്പുകള്‍ ചുമത്തിയാണ് ഇയാള്‍ക്കെതിരെ കേസ് എടുത്തിരിക്കുന്നത്.