ഉദ്ഘാടന മാമാങ്കം കഴിഞ്ഞിട്ട് 26 മാസം : പുനര്‍നിര്‍മാണം ആരംഭിക്കാതെ കലൂര്‍-കതൃക്കടവ് റോഡ്
1572158
Wednesday, July 2, 2025 4:36 AM IST
കൊച്ചി: നിര്‍മാണ പ്രവര്‍ത്തനങ്ങളുടെ ഉദ്ഘാടനം കെങ്കേമമായി നടത്തി 26 മാസം പിന്നിട്ടിട്ടും കലൂര്‍- കതൃക്കടവ് റോഡിന്റെ നവീകരണം ആരംഭിക്കാനാകാതെ ജിസിഡിഎ. 2023 മേയ് 19ന് നിര്‍മാണോദ്ഘാടനം നടത്തിയിട്ട് ഇതുവരെ ഒരു കല്ല്പോലും ഇടാന്‍ കഴിഞ്ഞിട്ടില്ല. മുന്‍പ് നടപ്പാതയുടെ നിര്‍മാണം വൈകുന്നതായിരുന്നു കുറ്റമായി പറഞ്ഞിരുന്നതെങ്കിലും ഇപ്പോള്‍ മഴയാണ് തടസമെന്നാണ് ജിസിഡിഎയുടെ വിശദീകരണം.
കാലവര്‍ഷം ആരംഭിച്ചതോടെ റോഡിലെ കുഴികളുടെ എണ്ണവും കൂടിവരികയാണ്. കതൃക്കടവ് മുതല്‍ കടവന്ത്ര വരെയുള്ള ഭാഗത്ത് ചെറുതും വലുതുമായി ഒട്ടേറെ കുഴികള്‍ രൂപപ്പെട്ടിട്ടുണ്ട്. ഇതില്‍ പല കുഴികളും ഇരുചക്ര വാഹനയാത്രക്കാര്‍ക്ക് അപകട ഭീഷണിയുണ്ടാക്കുന്ന വിധം ആഴവും വലിപ്പവുമേറിയതാണ്. മെറ്റല്ചിപ്പ്സ് നിറച്ച് താല്കാലിക പരിഹാരം കാണുന്നുണ്ടെങ്കിലും മഴയില്‍ വീണ്ടും പഴയപടിയാകും.
നഗര ഹൃദയത്തിലെ പ്രധാന റോഡുകളിലൊന്നായ ഇവിടെ സമഗ്രമായ പുനരുദ്ധാരണം നടന്നിട്ട് ഒരു പതിറ്റാണ്ട് എങ്കിലും ആയിട്ടുണ്ടാകും. വര്‍ഷാവര്‍ഷം അറ്റകുറ്റപ്പണികള്‍ നടത്തി താല്കാലിക പരിഹാരം കാണും. പിന്നീടത് വീണ്ടും കുണ്ടും കുഴിയുമായി വാഹനയാത്രക്കാര്‍ക്ക് അപകട ഭീഷണിയാകും. ഇതിനൊരു പരിഹാരം എന്ന നിലയ്ക്കാണ് റോഡ് അന്താരാഷ്ട്ര നിലവാരത്തില്‍ പുതുക്കി പണിയാനുള്ള ശ്രമം ജിസിഡിഎ ആരംഭിച്ചത്.
22 മീറ്റര്‍ വീതിയും 3.2 കിലോമീറ്റര്‍ നീളവുമുള്ള റോഡ് രണ്ട് കോടി ചെലവഴിച്ച് ടാര്‍ ചെയ്യുന്നതാണ് വര്‍ക്ക്. 30 കോടി മുടക്കി റോഡ് പുനര്‍നിര്‍മിക്കുന്ന പദ്ധതിയായിരുന്നു ആദ്യം ആലോചിച്ചതെങ്കിലും സാമ്പത്തിക പ്രതിസന്ധിമൂലം ടാറിംഗ് മാത്രമായി ചുരുക്കുകയായിരുന്നു. പണം കണ്ടെത്താന്‍ കാത്ത് നിന്നാല്‍ റോഡ് നിര്‍മാണം വൈകുമെന്നതിനാലാണ് ഇപ്പോള്‍ ടാറിംഗ് മാത്രം ചെയ്യുന്നത്. റോഡിന്റെ ഇരുവശങ്ങളിലുള്ള നടപ്പാതകള്‍ കെഎംആര്‍എല്‍ പുതുക്കി പണിതിട്ടുണ്ട്.
മഴ മാറിയാല്‍ ഉടന്‍ പണി: ജിസിഡിഎ
കൊച്ചി: മഴ മാറിയാല്‍ ഉടന്‍ റോഡ് ടാര്‍ ചെയ്യുന്ന പണികള്‍ ആരംഭിക്കുമെന്ന് ജിസിഡിഎ അറിയിച്ചു. ടെൻഡര്‍ നടപടികള്‍ പൂര്‍ത്തീകരിച്ചിട്ടുണ്ട്. പണികള്‍ ആരംഭിക്കാനിരിക്കെ കാലവര്‍ഷം തുടങ്ങി. ഒരാഴ്ചയെങ്കിലും മഴ മാറി നില്ക്കുന്ന സാഹചര്യമുണ്ടായാല്‍ പണികള്‍ ആരംഭിക്കാനാകുമെന്നാണ് പ്രതീക്ഷയെന്നും ജിസിഡിഎ അധികൃതർ പറഞ്ഞു.