തമ്മനം-പുല്ലേപ്പടി റോഡ് വികസനം : ഭൂമി ഏറ്റെടുക്കൽ വേഗത്തിൽ പൂർത്തിയാക്കാൻ നിർദേശം
1572127
Wednesday, July 2, 2025 4:04 AM IST
കൊച്ചി: തമ്മനം-പുല്ലേപ്പടി റോഡ് വികസനവുമായി ബന്ധപ്പെട്ട ഭൂമി ഏറ്റെടുത്ത് നടപടിക്രമങ്ങള്‍ വേഗത്തിലാക്കി നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കാന്‍ ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം. ഈ വര്‍ഷം അവസാനത്തോടെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കാന്‍ കഴിയുന്ന രീതിയില്‍ നടപടികള്‍ പൂര്‍ത്തിയാക്കാനാണ് ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കിയിരിക്കുന്നത്.
തമ്മനം-പുല്ലേപ്പടി റോഡ് വികസനവുമായി ബന്ധപ്പെട്ട് മേയര്‍ എം. അനില്‍ കുമാറിന്റെയും ജില്ലാ കളക്ടര്‍ എന്‍.എസ്.കെ. ഉമേഷിന്റെയും നേതൃത്വത്തില്‍ നടന്ന യോഗത്തിലാണ് ഈ തീരുമാനം.
തമ്മനം-പുല്ലേപ്പടി റോഡിന്റെ 4(1) നോട്ടിഫിക്കേഷന്‍ ഏപ്രില്‍ 10ന് പുറത്തിറക്കിയിരുന്നു. ഏറ്റെടുക്കാനുള്ള മുഴുവന്‍ ഭൂമിയും നടപടികള്‍ പൂര്‍ത്തിയാകുന്ന മുറയ്ക്ക് കെആര്‍എഫ്ബിക്ക് കൈമാറുമെന്ന് റവന്യൂ വകുപ്പ് ഉദ്യോഗസ്ഥര്‍ അറിയിച്ചു. സാമൂഹികാഘാത പഠനത്തിനായുള്ള ഡേറ്റ കളക്ഷന്‍ ആരംഭിച്ചു.
സാമൂഹികാഘാത പഠനം പൂര്‍ത്തിയാക്കിയതിനു ശേഷം 11(1) നോട്ടിഫിക്കേഷന്‍ പുറത്തിറക്കും.19(1) നോട്ടിഫിക്കേഷന്‍ പുറത്തിറക്കും മുമ്പ് തന്നെ വിട്ടുകിട്ടിയ സ്ഥലത്ത് പോസ്റ്റ് തുടങ്ങിയ തടസങ്ങള്‍ നീക്കം ചെയ്ത് താല്‍ക്കാലിക റോഡ് മെറ്റല്‍ ചെയ്യാനുള്ള നടപടികള്‍ ആരംഭിക്കാന്‍ മേയര്‍ ആവശ്യപ്പെട്ടു. ഭൂമിക്ക് പണം ലഭിച്ചാല്‍ മുഴുവന്‍ ആളുകളും ഭൂമി വിട്ടുനല്‍കാന്‍ തയാറാണ്.
ഭൂമി ഏറ്റെടുക്കല്‍ പൂര്‍ത്തീകരിക്കുന്ന മുറയ്ക്ക് ഏറ്റെടുത്ത സ്ഥലത്ത് വീതി കൂട്ടാനുള്ള നടപടികള്‍ ആരംഭിക്കണമെന്നും മേയര്‍ പറഞ്ഞു. റോഡിലെ കുഴികള്‍ അടക്കമുള്ള തടസങ്ങള്‍ നീക്കുന്നതിനുള്ള എസ്റ്റിമേറ്റ് തയാറാക്കാന്‍ കിഫ്ബിക്ക് നിര്‍ദേശം നല്കി.