വിദേശ വനിതയില്‍നിന്ന് ഡോളര്‍ മോഷ്ടിച്ച നേപ്പാള്‍ സ്വദേശി പിടിയില്‍
1572157
Wednesday, July 2, 2025 4:36 AM IST
കൊച്ചി: മാലിദ്വീപ് സ്വദേശിനിയായ വിദേശ വനിതയില്‍നിന്ന് ഡോളര്‍ മോഷ്ടിച്ച നേപ്പാള്‍ സ്വദേശി പിടിയില്‍. നേപ്പാള്‍ സ്വദേശിയായ അഞ്ജാന്‍ (23) ആണ് മഹാരാഷ്ടയിലെ താനെയില്‍നിന്ന് ചേരാനെല്ലൂര്‍ പോലീസിന്റെ പിടിയിലായത്. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയ്ക്കായി എത്തിയ വിദേശ വനിതയുടെ പിതാവിനെ ശുശ്രൂഷിക്കുന്നതിനായി കെയര്‍ ടേക്കറായാണ് അഞ്ജാനെ ജോലിക്ക് നിര്‍ത്തിയിരുന്നത്.
ഇവര്‍ ഇടപ്പള്ളി കുന്നുംപുറം ഭാഗത്ത് വാടക വീട്ടില്‍ താമസിക്കുകയായിരുന്നു. കഴിഞ്ഞ മാസം 13ന് പിതാവിനെ ചികിത്സയ്ക്കായി ആശുപത്രിയില്‍ കൊണ്ടുപോയ സമയത്ത് പ്രതി മുറിയില്‍ സൂക്ഷിച്ചിരുന്ന 1500 യുഎസ് ഡോളര്‍ മോഷ്ടിച്ച് കടന്നുകളയുകയായിരുന്നു.
പരാതിയുടെ അടിസ്ഥാനത്തില്‍ പ്രതിയുടെ മൊബൈല്‍ നമ്പര്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തില്‍ ഇയാള്‍ മഹാരാഷ്ട്രയിലെ താനെയില്‍ ഉണ്ടെന്ന് കണ്ടെത്തി. രണ്ട് ദിവസത്തോളം ഈ പ്രദേശങ്ങളില്‍ നടത്തിയ അന്വേഷണത്തില്‍ പ്രതി ഒരു റിസോര്‍ട്ടില്‍ പാചകക്കാരനായി ജോലിക്ക് കയറിയതായി വ്യക്തമായി.
തുടര്‍ന്ന് പ്രതിയെ കൊച്ചി സിറ്റി ചേരാനെല്ലൂര്‍ എസ്എച്ച്ഒ ആര്. വിനോദിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം അറസ്റ്റ് ചെയ്യുകയായിരുന്നു. മോഷ്ടിച്ച യുഎസ് ഡോളറുകള്‍ നേപ്പാളിലേക്ക് അയക്കുകയും ആര്‍ഭാട ജീവിതത്തിനായി ചെലവാക്കുകയും ചെയ്തതായി ചോദ്യം ചെയ്യലില്‍ പ്രതി സമ്മതിച്ചു. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.