കാവുംപടി റോഡിൽ പൈപ്പ്പൊട്ടൽ തുടർക്കഥ
1572154
Wednesday, July 2, 2025 4:26 AM IST
മൂവാറ്റുപുഴ: നഗരത്തിലെ കാവുംപടി റോഡിൽ പൈപ്പ് പൊട്ടൽ പതിവാകുന്നു. ഭാരവാഹനം കടന്നുപോയതിനെ തുടർന്ന് മൂവാറ്റുപുഴ - കാവുംപടി റോഡിൽ പോലീസ് സ്റ്റേഷനു സമീപത്തായാണ് തിങ്കളാഴ്ച ജല അഥോറിറ്റിയുടെ കുടിവെള്ള പൈപ്പ് തകർന്ന് റോഡിൽ കുഴി രൂപപ്പെട്ടത്.
ദിനംപ്രതി നൂറു കണക്കിന് വാഹനങ്ങൾ കടന്നുപോകുന്ന കാവുംപടിയിൽ ദിവസങ്ങളായി പൈപ്പ് പൊട്ടൽ പതിവാണ്. പൈപ്പ് തകർന്നതിനെ തുടർന്ന് റോഡിൽ വിള്ളലും വലിയ കുഴിയും രൂപപ്പെട്ടു.
നഗരവികസന പ്രവർത്തനങ്ങൾ നടക്കുന്നതിനാൽ ദിനംപ്രതി നിരവധി വാഹനങ്ങളാണ് ഇതുവഴി കടന്നുപോകുന്നത്. പൈപ്പ് തകർന്നതിനെ തുടർന്ന് ലക്ഷക്കണക്കിന് ലിറ്റർ വെള്ളമാണ് പാഴായത്. സമാനമായ രീതിയിൽ കാവുംപടി റോഡിൽ ഞായറാഴ്ചയും കുടിവെള്ള പൈപ്പ് തകർന്ന് റോഡിൽ കുഴി രൂപപ്പെട്ടിരുന്നു.