ആലുവ നഗരസഭയുടെ സൈറണ് ജില്ലാ കളക്ടറുടെ പൂട്ട്
1572161
Wednesday, July 2, 2025 4:36 AM IST
ആലുവ: അപകട മുന്നറിയിപ്പിനായി ഇന്ത്യാ- പാക്ക് യുദ്ധകാലത്ത് സ്ഥാപിച്ച ആലുവ നഗരസഭ കാര്യാലയത്തിലെ സൈറൺ അരനൂറ്റാണ്ടിലെ സേവനത്തിനു ശേഷം പിൻവാങ്ങുന്നു. ശബ്ദമലിനീകരണമെന്ന പരാതിയിൽ എറണാകുളം ജില്ലാ ദുരന്ത നിവാരണ അഥോറിറ്റി ചെയർമാൻ കൂടിയായ ജില്ല കളക്ടറുടെ ഉത്തരവ് പ്രകാരമാണ് ഇന്നലെ ഉച്ചകഴിഞ്ഞ് ഒന്നുമുതൽ സൈറണിന്റെ പ്രവർത്തനം നിർത്തിയത്.
സൈറൺ മുഴക്കുമ്പോൾ അനുവദനീയ ശബ്ദ തോതായ 65 ഡെസിബലിനേക്കാൾ 30.5 ഡെസിബൽ സമീപ പ്രദേശങ്ങളിൽ ഉണ്ടെന്ന കണ്ടെത്തലിന്റെ അടിസ്ഥാനത്തിലാണ് നിരോധനം. ആലുവ നഗരത്തിൽ സാധാരണ 77.4 ഡെസിബൽ ആണുള്ളത്. വ്യവസായ മേഖലകളിൽ 65 ഡെസിബലാണ് അനുവദനീയം. സൈറൺ അടിക്കുമ്പോൾ 95 .5 ആയി ഉയരുന്നതായാണ് പരാതിയിൽ.
ശബ്ദമലിനീകരണ നിയമം 2000 പ്രകാരം എറണാകുളം വടകോട് കങ്ങരപ്പടി സ്വദേശി അഡ്വ. ജേക്കബ് മാത്യു വടക്കേലാണ് ഉയർന്ന ശബ്ദം എന്ന പേരിൽ ജില്ലാ കളക്ടറെ സമീപിച്ചത്. ആലുവ നിവാസികളുടെ ദൈനംദിന ജീവിതവുമായി ഇഴുകിച്ചേർന്ന സൈറൺ സംവിധാനം മുന്നറിയിപ്പില്ലാതെ നിർത്തിയതിൽ ജനപ്രതിനിധികളടക്കം ആലുവക്കാർ പ്രതിഷേധത്തിലാണ്.
ഒരു ദിവസം അഞ്ച് തവണയായി പുലർച്ചെ അഞ്ച്, രാവിലെ എട്ട്, ഉച്ചയ്ക്ക് ഒന്ന്, വൈകീട്ട് അഞ്ച്, രാത്രി എട്ട് എന്നീ നേരങ്ങളിലാണ് സൈറൺ മുഴങ്ങുന്നത്. ഇത് പാൽ, പത്രവിതരണക്കാർക്കും ഓഫീസ് ജീവനക്കാർക്കും ഉപകാരപ്രദമായിരുന്നു. ഇതു കൂടാതെ ഗാന്ധി രക്തസാക്ഷി ദിനത്തിലും സൈറൺ മുഴക്കാറുണ്ട്.
സൈറൻ സംവിധാനത്തിന് അര നൂറ്റാണ്ട് പഴക്കം
ഇന്ത്യ-പാക്ക് യുദ്ധസമയത്ത് പ്രധാന നഗരങ്ങളിൽ സൈറൺ സംവിധാനം വേണമെന്ന സർക്കാർ നിർദേശത്തെ തുടർന്നാണ് ആലുവയിലും സ്ഥാഥാപിച്ചത്. അന്ന് കൊച്ചി വെല്ലിംഗ്ട്ടൺ ഐലൻഡിൽ ബോംബ് വന്നു വീണതാണ് ആലുവയ്ക്കും മുന്നറിയിപ്പ് നൽകാൻ കാരണം.
50 വർഷം മുമ്പ് ആലുവ നഗരസഭ ഓഫീസ് ആലുവ കൊട്ടാരത്തിന് സമീപം ആയിരുന്നു. ഓഫീസ് ഇപ്പോഴത്തെ കെട്ടിടത്തിലേക്ക് മാറിയപ്പോൾ സൈറൺ സമയം അറിയിക്കാൻ ഉപയോഗിക്കാമെന്ന് കൗൺസിൽ തീരുമാനിക്കുകയായിരുന്നെന്ന് മുൻ നഗരസഭ സെക്രട്ടറി എം.എൻ. സത്യദേവൻ ' ദീപിക' യോട് പറഞ്ഞു.
അപ്പീൽ പോകും
ജില്ലാ കളക്ടറുടെ ഉത്തരവിനെതിരെ അപ്പീൽ നൽകുമെന്ന് നഗരസഭ ചെയർമാൻ എം.ഒ. ജോൺ അറിയിച്ചു. അപകട മുന്നറിയിപ്പുകൾ നൽകാൻ ആവശ്യമുള്ളതിനാൽ സൈറൺ മുഴുവനായി അഴിച്ചു മാറ്റില്ല.