വെറ്റിലപ്പാറ ദശലക്ഷം നഗറിൽ വാസയോഗ്യമല്ലാത്ത മൂന്നു വീടുകൾ പൊളിച്ചുനീക്കി
1572145
Wednesday, July 2, 2025 4:14 AM IST
കോതമംഗലം: വെറ്റിലപ്പാറ ദശലക്ഷം നഗറിൽ വാസയോഗ്യമല്ലാതെ അപകടഭീഷണിയിലായ മൂന്നു വീടുകൾ പൊളിച്ചുനീക്കി. കഴിഞ്ഞ വെള്ളിയാഴ്ച പുലർച്ചെ നഗറിലെ പുത്തൻപുരയ്ക്കൽ കൃഷ്ണൻകുട്ടി-അമ്മിണി ദന്പതികളുടെ വീട് തകർന്നിരുന്നു. വീട്ടിലുണ്ടായിരുന്നവർ പരിക്കുകളോടെ രക്ഷപ്പടുകയായിരുന്നു.
ഞായറാഴ്ച വെട്ടുകാട്ടിൽ ശോശാക്കുട്ടി ഡാനിയേലിന്റെ വീടിന്റെ പിൻഭിത്തിയും തകർന്നുവീണിരുന്നു. നഗറിലെ പത്തു വീടുകൾ അപകടാവസ്ഥയിലായെന്ന് വ്യക്തമായതിനെ തുടർന്നാണ് പഞ്ചായത്ത് അടിയന്തര ഇടപെടൽ നടത്തിയത്.
പഞ്ചായത്ത് അധികാരികൾ ഉടമസ്ഥരുടെ സമ്മതത്തോടെയാണ് അപകടാവസ്ഥിയിലായ മൂന്നു വീടുകൾ ഇന്നലെ പൊളിച്ചുനീക്കിയത്. പുന്നയ്ക്കൽ ശാന്ത, വെട്ടുകാട്ടിൽ ശോശാക്കുട്ടി, മനയത്തുകുടി രമണി വിജയൻ എന്നിവരുടെ വീടുകളാണ് പൊളിച്ചത്. നനഞ്ഞു കുതിർന്ന വെട്ടുകല്ല് ഭിത്തിയും ചോർന്നൊലിക്കുന്ന കോണ്ക്രീറ്റ് മേൽക്കൂരയും അടക്കം ഈ വീടുകളെല്ലാം ഏതു നിമിഷവും നിലംപതിക്കാവുന്ന അവസ്ഥയിലായിരുന്നു.
വീടു തകർന്നു വീണ കൃഷ്ണൻകുട്ടിയുടെ അടക്കം നാലു കുടുംബങ്ങൾക്കാണ് പുതിയ ഭവനം ഒരുക്കേണ്ടത്. വീട് വാസയോഗ്യമല്ലാതായതോടെ പലരും നഗറിലെ താമസം മാറ്റിയിരുന്നു.
രണ്ടും മൂന്നും സെന്റിൽ 450 ചതുരശ്രയടി വിസ്തീർണത്തിലുള്ള വീട്ടിൽ ഒരു മുറിയും അടുക്കളയും ശൗചാലയവും മാത്രമാണുള്ളത്. ചരിവ് ഭൂമിയിൽ വേണ്ടവിധത്തിൽ അടിത്തറ പോലുമില്ലാതെ 30 വർഷം മുന്പ് കെട്ടിപ്പൊക്കിയ 30 വീടുകളാണ് ഇവിടെയുള്ളത്. താമസയോഗ്യമല്ലാത്ത അഞ്ചു വീടുകളിലെ കുടുംബങ്ങൾ നഗറിലെ എസ്സി കമ്യൂണിറ്റി ഹാളിലേക്ക് താമസം മാറ്റിയിരുന്നു.