ആശുപത്രി മാതൃകയൊരുക്കി താമരച്ചാൽ സെന്റ് മേരീസിലെ കുട്ടികൾ
1572137
Wednesday, July 2, 2025 4:14 AM IST
കിഴക്കമ്പലം: ഡോക്ടേഴ്സ് ഡേയിൽ ആശുപത്രി മാതൃകയൊരുക്കി താമരച്ചാൽ സെന്റ് മേരീസിലെ കുട്ടികൾ. കെജിയിലെയും ഒന്ന് രണ്ടു ക്ലാസുകളിലെയും കുട്ടികൾ ഡോക്ടർമാരായും നേഴ്സ്മാരായും ടെക്നീഷ്യന്മാരായും രോഗികളായും മാറി.
ക്ലാസ് മുറികൾ ഒപി, ഇഎൻടി, നഴ്സിംഗ്, സ്റ്റേഷൻ ഓപ്പറേഷൻ തിയറ്റർ, ഐസിയു, ബ്ലഡ് ഡൊണേഷൻ യൂണിറ്റ്, ഡയാലിസിസ് സെന്റർ, ജനറൽ വാർഡ്, ഓർത്തോ ഗൈനക്കോളജി പീഡിയാട്രിക്, എക്സറേ തുടങ്ങിയ വിഭാഗങ്ങൾ ഒരുക്കിയ മുറികളായി.
എറണാകുളം ലിസി ഹോസ്പിറ്റൽ, കളമശേരി മെഡിക്കൽ കോളജ് , പഴങ്ങനാട് സമരിറ്റൻ ഹോസ്പിറ്റൽ , താഖ്ദീസ് ഹോസ്പിറ്റൽ പൂക്കാട്ടുപടി എന്നീ ആശുപത്രികളുടെ നിർദേശങ്ങളും മറ്റും സ്വീകരിച്ച് കുട്ടികൾ ഒരുക്കിയ മിനി ആശുപത്രി കൗതുകമായി.
പഴങ്ങാനാട് ആശുപത്രിയിലെ കാർഡിയോളജി വിഭാഗം ചീഫ് ഡോ. സജി സുബ്രഹ്മണ്യൻ കുട്ടികളുടെ ആശുപത്രി ഉദ്ഘാടനം ചെയ്തു. സ്കൂൾ മാനേജർ ജേക്കബ് സി. മാത്യു, ജനറൽ സെക്രട്ടറി പി. എം സ്ലീബ, സ്കൂൾ പ്രിൻസിപ്പൽ രാഖി വിജയൻ എന്നിവർ സംസാരിച്ചു.