ചക്കരപ്പറമ്പ്-കാളച്ചാല്‍- സീപോര്‍ട്ട് എയര്‍പോര്‍ട്ട് റോഡ് : അടിയന്തര നടപടികള്‍ വേണമെന്ന് ഉമ തോമസ് എംഎല്‍എ
1572133
Wednesday, July 2, 2025 4:04 AM IST
കൊച്ചി: ചക്കരപ്പറമ്പ്-കാളച്ചാല്‍ വഴി സീപോര്‍ട്ട് എയര്‍പോര്‍ട്ട് റോഡ് വരെ ഉള്‍പ്പെടുന്ന 4.06 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള സമാന്തരപാത പുനരുജ്ജീവിപ്പിക്കാന്‍ നടപടികള്‍ കൈക്കൊള്ളണമെന്ന് ഉമാ തോമസ് എംഎല്‍എ ആവശ്യപ്പെട്ടു.
പദ്ധതിയെ സംബന്ധിച്ചുള്ള പുരോഗതി വിലയിരുത്തുന്നതിനായി ചേര്‍ന്ന കെഎഎസ്എസ്, ആര്‍ബിഡിസികെ, കിറ്റ്കോ, കെആര്‍എഫ്ബി, എന്‍എച്ച്എഐ, പഡബ്ല്യുഡി ഉദ്യോഗസ്ഥരുടെ യോഗത്തിലാണ് ഉമ തോമസ് ഇക്കാര്യം ആവശ്യപ്പെട്ടത്.
ഇക്കഴിഞ്ഞ ഫെബ്രുവരിയില്‍ മുഖ്യമന്ത്രി പിണറായി വിജയന് ഉമ തോമസ് നല്കിയ കത്തിന്റെ അടിസ്ഥാനത്തില്‍ നാഷണല്‍ ഹൈവേ അഥോറിറ്റിയെ ഈ റോഡിന്റെ സാധ്യതാ പഠനം നടത്തി വിശദമായ റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ആവശ്യപ്പെട്ടിരുന്നു.
റോഡുമായി ബന്ധപ്പെട്ട മുഴുവന്‍ രേഖകള്‍ എന്‍എച്ച്എഐക്ക് കൈമാറിയിട്ടുമുണ്ട്. 2014ല്‍ ഉമ്മന്‍ ചാണ്ടി സര്‍ക്കാര്‍ അടിയന്തര ആവശ്യകതയെ മുന്‍നിര്‍ത്തി സ്പീഡ് കേരള പദ്ധതിയില്‍ ഉള്‍പ്പെടുത്തി 417 കോടി രൂപയുടെ ഭരണാനുമതിയോടെയാണ് ഈ പദ്ധതി ആരംഭിച്ചത്. റോഡിന്റെ വീതി 45 മീറ്ററും, രണ്ട് വലിയ പാലങ്ങളും ഒരു ചെറിയ പാലവും ഉള്‍പ്പെടുന്നതാണ്.
270 കോടി രൂപ ഭൂമിയേറ്റെടുക്കലിനായി മാത്രം നീക്കി വച്ചിരുന്നു. പദ്ധതി നടപ്പാക്കുന്നതിനായി ആര്‍ബിഡിസികെ യെ ചുമതലപ്പെടുത്തുകയും ചെയ്തിരുന്നു.എന്നാല്‍, സാമ്പത്തിക പ്രതിസന്ധി മൂലം പദ്ധതിക്ക് ഇതുവരെയും സര്‍ക്കാര്‍ അനുമതി ലഭിച്ചിട്ടില്ല.
കൊച്ചി മെട്രോയുടെ രണ്ടാംഘട്ട പ്രവര്‍ത്തനങ്ങള്‍ കാക്കനാട് മേഖലയില്‍ പുരോഗമിക്കുന്നതിനാല്‍ ശക്തമായ ഗതാഗതക്കുരുക്കാണ് നിലവില്‍ അനുഭവപ്പെടുന്നത്. സമാന്തര പാതയുടെ നിര്‍മാണം യാഥാര്‍ഥ്യമാവുകയാണെങ്കില്‍ ഈ പ്രദേശത്തെ ഗതാഗത പ്രശ്നത്തിന് ഒരു ശാശ്വത പരിഹാരമാകുമെന്ന് യോഗത്തില്‍ അഭിപ്രായമുയര്‍ന്നു.