ആരോഗ്യ കേരളം തകര്‍ത്തു, ഉത്തരവാദി ആരോഗ്യ മന്ത്രി: വി.ഡി. സതീശന്
1572164
Wednesday, July 2, 2025 4:36 AM IST
കൊച്ചി: ആരോഗ്യ കേരളത്തെ തകര്‍ത്ത ആരോഗ്യമന്ത്രിയാണ് ഇന്നുള്ളതെന്ന് പ്രതിപക്ഷനേതാവ് വി.ഡി.സതീശന്. സര്‍ക്കാര്‍ ആശുപത്രികളോട് സര്‍ക്കാര്‍ കാണിക്കുന്ന അവഗണനയ്ക്കും അനാസ്ഥയ്ക്കുമെതിരെ എറണാകുളം ഡിസിസിയുടെ നേതൃത്വത്തില്‍ കളമശേരി മെഡിക്കല്‍ കോളേജിന് മുന്നില്‍ സംഘടിപ്പിച്ച ധര്‍ണ ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
സംസ്ഥാനത്തെ മെഡിക്കല്‍ കോളജുകളിലും സര്‍ക്കാര്‍ ആശുപത്രികളിലും മരുന്നു ക്ഷാമം രൂക്ഷമായിട്ട് മാസങ്ങളായി. മെഡിക്കല്‍ സര്‍വീസസ് കോര്പറേഷന് മരുന്ന് വിതരണക്കാര്‍ക്ക് കോടികള്‍ കുടിശിക വരുത്തിയതാണ് സര്‍ക്കാര്‍ ആശുപത്രികളിലെ മരുന്ന് ക്ഷാമത്തിന് കാരണം. 2024-25ല്‍ മരുന്നു വാങ്ങാന്‍ 934 കോടി രൂപ വേണ്ടിടത്താണ് 356 കോടി രൂപ മാത്രം ബജറ്റില്‍ വകയിരുത്തിയത്.
ഇതിനു പുറമെ 150 കോടി കൂടി നല്കി. കഴിഞ്ഞ സാമ്പത്തിക വര്‍ഷം മാത്രം മരുന്ന് വിതരണത്തിന് 427 കോടി രൂപ നല്‍കാനുണ്ട്. ഈ സര്‍ക്കാരിന്റെ മുന്‍ഗണനകള്‍ എന്തൊക്കെയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന് വ്യക്തമാക്കണമെന്നും സതീശന് പറഞ്ഞു.
ഡിസിസി പ്രസിഡന്റ് മുഹമ്മദ് ഷിയാസ് യോഗത്തില്‍ അധ്യക്ഷനായിരുന്നു. എംഎല്‍എമാരായ അന്‍വര്‍ സാദത്ത്, ടി.ജെ. വിനോദ്, എല്‍ദോസ് കുന്നപ്പള്ളി, കെപിസിസി വൈസ് പ്രസിഡന്റ് വി.പി. സജീന്ദ്രന്, നേതാക്കളായ ജോസഫ് വാഴയ്ക്കന്, എന്‍. വേണുഗോപാല്‍, കെ.പി. ധനപാലന്, ഡൊമിനിക് പ്രസന്റേഷന്, ജയ്സണ്‍ ജോസഫ്, കെ.ബി. മുഹമ്മദ് കുട്ടി, ഐ.കെ. രാജു, ടോണി ചമ്മണി തുടങ്ങിയവര്‍ സംസാരിച്ചു.