ഫാം ടു കിച്ചൺ പദ്ധതി ഈ മാസം മുതൽ
1572135
Wednesday, July 2, 2025 4:04 AM IST
കരുമാലൂർ: കർഷകരുടെ ഉത്പന്നങ്ങൾ സംഭരിച്ച് ശീതീകരിച്ച വാഹനത്തിലൂടെ വീടുകളിലേക്ക് നേരിട്ട് എത്തിക്കുന്ന പദ്ധതിയായ ഫാം ടു കിച്ചൻ ഈ മാസം ആരംഭിക്കുമെന്ന് മന്ത്രി പി. രാജീവ്. കരുമാല്ലൂർ പഞ്ചായത്ത് പ്രസിഡന്റ് സബിത നാസർ അധ്യക്ഷയായി.
കൃഷിക്ക് ഒപ്പം കളമശേരി പദ്ധതിയുടെ ഭാഗമായി സംഘടിപ്പിച്ച ഓണക്കാല പച്ചക്കറി കൃഷിയുടെ മണ്ഡലം തല നടീൽ ഉദ്ഘാടനം കരുമാല്ലൂർ സഹകരണ ബാങ്കിലെ മാസ്റ്റർ കർഷകനായ തട്ടാംപടിയിലെ സി.എ. ഡേവിസിന്റെ കൃഷിയിടത്തിൽ നിർവഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി. എല്ലാ വകുപ്പുകളെയും ഏകോപിപ്പിച്ചുള്ള പ്രവർത്തനങ്ങളാണ് ഈ പദ്ധതിയുടെ ഭാഗമായി നടത്തിവരുന്നത്.
സഹകരണ പ്രസ്ഥാനങ്ങൾ നല്ല രീതിയിൽ പ്രവർത്തിച്ചു വരുന്നതിന്റെ അടിസ്ഥാനത്തിൽ മൂല്യ വർദ്ധിത ഉത്പന്നങ്ങൾ വലിയ രീതിയിൽ വിപണിയിൽ ഇറക്കുന്നുണ്ട്.
കുന്നുകര പഞ്ചായത്തിൽ 30 ഏക്കറിൽ കിൻഫ്രയുടെ നേതൃത്വത്തിൽ ഫുഡ് പ്രോസസിംഗ് പാർക്കും കളമശേരി എച്ച്എംടിയിൽ ലുലു ഗ്രൂപ്പിന്റെ 500 കോടി മുതൽ മുടക്കുള്ള ഫുഡ് പ്രോസസിംഗ്പാർക്കും വരുന്നതോടെ കർഷകരുടെ ജീവിത നിലവാരം ഉയർത്താൻ സാധിക്കുമെന്നും മന്ത്രി കൂട്ടിച്ചേർത്തു.
ആലങ്ങാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് രമ്യ തോമസ്, ആലങ്ങാട് പഞ്ചായത്ത് പ്രസിഡന്റ് പി.എം. മനാഫ്, കൃഷിക്ക് ഒപ്പം കളമശേരി കോ ഓർഡിനേറ്റർ വിജയൻ പള്ളിയാക്കൽ, പ്രിൻസിപ്പൽ കൃഷി ഓഫീസർ ഇന്ദു പി. നായർ, രേഷ്മ ഫ്രാൻസിസ്, അഞ്ചു മറിയം ഏബ്രഹാം, നീരജ, എം.കെ. ബാബു, ജയ രാധാകൃഷ്ണൻ, വി.എം. ശശി, ടി.കെ. ഷാജഹാൻ, എം.വി. ശ്രീകുമാർ എന്നിവർ സംസാരിച്ചു.