നഗരവികസനം ഇഴയുന്നു; മൂവാറ്റുപുഴയില്‍ വ്യാപാരികൾക്ക് ദുരിതം
1572147
Wednesday, July 2, 2025 4:26 AM IST
മൂവാറ്റുപുഴ: നഗരവികസന പ്രവർത്തനങ്ങൾ കാലവർഷം മൂലം പ്രതിസന്ധിയിലായതോടെ മൂവാറ്റുപുഴയിലെ വ്യാപാരികൾ ദുരിതത്തിൽ. ഇതോടെ കച്ചേരിത്താഴം മുതൽ പി.ഒ ജംഗ്ഷൻ വരെയുള്ള ഭാഗങ്ങളിലെ വ്യാപാരികൾ വലിയ മാനസികവും സാന്പത്തികവുമായ നഷ്ടം നേരിടുകയാണ്. ഇതേതുടർന്ന് വ്യാപാരി പ്രതിനിധികളുമായി ഇന്നലെ മാത്യു കുഴൽനാടൻ എംഎൽഎ ചർച്ച നടത്തിയിരുന്നു. കഴിഞ്ഞ ഒന്നര മാസമായി പെയ്യുന്ന മഴ വികസന പ്രവർത്തനങ്ങൾക്ക് വലിയ തടസമാണ് സൃഷ്ടിച്ചിരിക്കുന്നത്.
വ്യാപാരികളുടെ അഭ്യർഥനയെതുടർന്ന് വലിയ ഭാരവാഹനങ്ങൾ രാത്രി എട്ടിന് മുന്‍പ് നഗരത്തിൽ പ്രവേശിക്കുന്നത് നിയന്ത്രിക്കാൻ ട്രാഫിക് പോലീസിന് നിർദേശം നൽകി. പി.ഒ ജംഗ്ഷൻ മുതൽ കച്ചേരിത്താഴം വരെയുള്ള ഭാഗത്തെ ഓട നിർമാണങ്ങൾ പുരോഗമിക്കുന്ന ടി.ബി റോഡിന്റെ ഭാഗത്തൊഴികെയുള്ള മുഴുവൻ സ്ഥലങ്ങളിലെയും ഫുട്പാത്തുകൾ വഴിയാത്രക്കാർക്ക് സുഗമമായി നടക്കുന്നതിനുള്ള രീതിയിൽ ഒരുക്കാൻ കരാറുകാരന് നിർദേശം നൽകി.
മൂവാറ്റുപുഴയിലെ നഗര വികസനം മൂലം വ്യാപാര സമൂഹത്തിന് ഉണ്ടായിരിക്കുന്ന ബുദ്ധിമുട്ടുകൾ ഒട്ടും ലാഘവത്തോടെ കാണുന്നില്ലെന്നും കാലാവസ്ഥ അനുകൂലമായാൽ എത്രയും പെട്ടെന്ന് നിർമാണ പ്രവർത്തികൾ പൂർത്തീകരിക്കാൻ ശ്രമിക്കുമെന്നും എംഎൽഎ പറഞ്ഞു.