ഇ-സ്റ്റാമ്പ് വിതരണം മുടങ്ങി; രണ്ടാം ദിനവും ജനം നെട്ടോട്ടത്തിൽ
1572463
Thursday, July 3, 2025 4:33 AM IST
സൈറ്റിൽനിന്ന് പത്തോ പതിനഞ്ചോ പേർക്ക് മാത്രമാണ് പത്തരയ്ക്ക് മുമ്പ് ഇലക്ട്രോണിക് മുദ്രപ്പത്രം ലഭിക്കുന്നത്
ആലുവ: ഇ-സ്റ്റാമ്പ് വിതരണം തുടർച്ചയായ രണ്ടാം ദിവസവും മുടങ്ങി. വെണ്ടർമാരുടെ ഓഫീസിനു മുന്നിൽ മണിക്കൂറുകളോളം ക്യൂ നിൽക്കുന്നവർക്ക് കാര്യം നടക്കാതെ മടങ്ങേണ്ടി വരികയാണ്. പോർട്ടലിന്റെ സെർവർ തകരാർ പതിവായിരിക്കുകയാണെന്ന് വെണ്ടർമാർ പറഞ്ഞു.
അഞ്ചു ലക്ഷം രൂപയ്ക്ക് മുകളിലുള്ള മുദ്രപ്പത്രങ്ങൾ 2017 മുതൽ തന്നെ ഇ-സ്റ്റാമ്പിംഗിലേക്ക് മാറിയിരുന്നു. അതിനു താഴേക്കുള്ള മുദ്രപ്പത്രങ്ങൾക്കും ഏപ്രിൽ ഒന്നു മുതൽ ഇ-സ്റ്റാമ്പിംഗ് നടപ്പിലാക്കിയതോടെയാണ് സെർവർ തകരാർ സ്ഥിരമായിരിക്കുന്നത്.
വെണ്ടർമാരുടെ ഓഫീസിൽ നേരിട്ടെത്തി സ്വന്തം ഫോൺ നമ്പറിൽ ഒടിപി ലഭിച്ചാൽ മാത്രമേ മുദ്രപ്പത്രം സ്വന്തം പേരിൽ ഡൗൺലോഡ് ചെയ്യാനാകൂ. ദിവസവും രാവിലെ പത്തരമുതലാണ് ജനങ്ങൾ ഈ ദുര്യോഗം അനുഭവിക്കുന്നത്. സൈറ്റിൽനിന്ന് പത്തോ പതിനഞ്ചോ പേർക്ക് മാത്രമാണ് പത്തരയ്ക്ക് മുമ്പ് ഇലക്ട്രോണിക് മുദ്രപ്പത്രം ലഭിക്കുന്നത്.
സംസ്ഥാനത്തെ ആയിരത്തോളം വെണ്ടർമാരിൽ 700 ഓളം പേർ മാത്രമാണ് മുദ്രപ്പത്രങ്ങൾ ഡൗൺലോഡ് ചെയ്യാനായി സർക്കാർ രജിസ്ട്രേഷൻ വകുപ്പ് പോർട്ടലിൽ കയറുന്നത്. ഇതുപോലും താങ്ങാനുള്ള കരുത്ത് സെർവറിന് ഇല്ലെന്നാണ് ആധാര എഴുത്തുകാർ കുറ്റപ്പെടുത്തുന്നത്. പത്ത് രൂപയാണ് വെണ്ടർമാർക്ക് ലഭിക്കുന്ന കമ്മീഷൻ. അതിൽ പ്രിന്റിംഗ് ചെലവ് വെണ്ടർമാർ വഹിക്കണം.
വാടകക്കരാർ, പണയകരാർ, വസ്തുവിൽപ്പന കരാർ, ലൈസൻസ് കരാറുകൾ, സത്യവാങ്മൂലം, , ജനന, മരണ സർട്ടിഫിക്കറ്റുകൾ തുടങ്ങിയവയ്ക്കാണു ചെറിയ തുകയ്ക്കുള്ള മുദ്രപ്പത്രങ്ങൾ വേണ്ടിവരുന്നത്.