പ്രതിഷേധ മാർച്ചും യോഗവും നടത്തി
1572453
Thursday, July 3, 2025 4:16 AM IST
മൂവാറ്റുപുഴ: നഗര വികസനത്തിന്റെ ഭാഗമായ റോഡ് നവീകരണം അനന്തമായി നീണ്ടുപോകുന്നതിൽ പ്രതിഷേധിച്ചും എംസി റോഡിൽ വെള്ളൂർക്കുന്നം മുതൽ പോസ്റ്റ് ഓഫീസ് ജംഗ്ഷൻ വരെയുള്ള ഭാഗത്ത് തകർന്ന റോഡ് സഞ്ചാരയോഗ്യമാക്കണമെന്നും ആവശ്യപ്പെട്ട് സിപിഐ മൂവാറ്റുപുഴ ടൗണ്‍ ലോക്കൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ മാർച്ചും യോഗവും നടത്തി.
സിപിഐ മൂവാറ്റുപുഴ മണ്ഡലം കമ്മിറ്റി ഓഫീസ് പരിസരത്തുനിന്ന് ആരംഭിച്ച പ്രതിഷേധ മാർച്ച് വെള്ളൂർക്കുന്നത്ത് സമാപിച്ചു.
തുടർന്ന് നടന്ന പ്രതിഷേധ യോഗം സിപിഐ മണ്ഡലം സെക്രട്ടറി ജോളി പൊട്ടയ്ക്കൽ ഉദ്ഘാടനം ചെയ്തു. റോഡ് നവീകരണത്തിന്റെ പേരിലും കാലവർഷക്കെടുതിയാലും മൂവാറ്റുപുഴ നഗരം സഞ്ചാരയോഗ്യമല്ലാതായിട്ട് മാസങ്ങൾ പിന്നിട്ടു.
രോഗികളുമായി നിരവധി ആംബുലൻസുകളും സ്കൂൾ വിദ്യാർഥികളുമായി നിരവധി വാഹനങ്ങളും മറ്റ് ആയിരക്കണക്കിന് യാത്ര-ചരക്ക് വാഹനങ്ങളും സഞ്ചരിക്കുന്ന മൂവാറ്റുപുഴ നഗരത്തിലെ റോഡുകൾ അപകടക്കുഴികളായി മാറിക്കഴിഞ്ഞു.
റോഡിലെ ഗതാഗതക്കുരുക്കും റോഡിന്റെ ശോചനീയാവസ്ഥയും മൂലം നഗരത്തിലെ വ്യാപാരി - വ്യവസായികളും വലിയ ദുരിതം അനുഭവിച്ചുവരികയാണെന്നും യോഗം കുറ്റപ്പെടുത്തി. മണ്ഡലം കമ്മിറ്റിയംഗം സി.എം. ഇബ്രാഹിം കരീം അധ്യക്ഷത വഹിച്ചു.
സമരത്തെ തുടർന്ന് സിപിഎം നേതാക്കളായ അനീഷ് എം. മാത്യു, സജി ജോർജ്, എം.എ. സഹീർ, കെ.ജി. അനിൽകുമാർ, പി.ബി. അജിത്ത് കുമാർ എന്നിവരുടെ നേതൃത്വത്തിൽ സെക്രട്ടറിയുമായി ചർച്ച നടത്തി.
അറ്റകുറ്റപ്പണിയിലുണ്ടായ വീഴ്ച്ചയെ സംബന്ധിച്ച് അന്വേഷണം നടത്തുമെന്ന് ഉറപ്പ് നൽകി.