തെരുവുനായ ശല്യം : യുഡിഎഫ് കൗൺസിലർമാർ കുത്തിയിരുന്ന് പ്രതിഷേധിച്ചു
1572604
Friday, July 4, 2025 4:17 AM IST
ഫോർട്ടുകൊച്ചി: നഗരത്തിൽ വർധിച്ചു വരുന്ന തെരുവ് നായയുടെ ആക്രമണത്തിൽ പ്രതിഷേധിച്ച് നഗരസഭാ കവാടത്തിന് മുൻപിൽ യുഡിഎഫ് കൗൺസിലർമാർ കുത്തിയിരുന്ന് പ്രതിഷേധിച്ചു. കൗൺസിലർ എം.ജി. അരിസ്റ്റോട്ടിൽ നായ്ക്കളുടെ കടിയേറ്റ് പരിക്കേറ്റ അവസ്ഥയിലെത്തി പ്രതീകാത്മകമായിട്ടായിരുന്നു കൗൺസിലർമാരുടെ പ്രതിഷേധം.
നായ്ക്കൾക്ക് പേവിഷബാധക്കെതിരെ വാക്സിൻ നൽകൽ, വന്ധ്യംകരണം ഉൾപ്പെടെയുള്ള നടപടികൾ മരവിച്ച സ്ഥിതിയിലാണ്. കഴിഞ്ഞ രണ്ട് വർഷമായി വന്ധ്യംകരണം കാര്യക്ഷമമല്ലാത്തതിനാൽ നഗരത്തിന്റെ മുക്കിലും മൂലയിലും തെരുവ് നായ ശല്യം രൂക്ഷമാണെന്ന് പ്രതിഷേധം ഉദ്ഘാടനം ചെയ്ത പ്രതിപക്ഷ നേതാവ് ആന്റണി കുരീത്തറ പറഞ്ഞു.
തെരുവ് നായ്ക്കളെ പിടികൂടാനായുള്ള ഡോഗ് സ്ക്വാഡുകളുടെ പ്രവർത്തനവും മന്ദഗതിയിലാണെന്നും അടിയന്തിരമായി നായ്ക്കളെ പിടികൂടി വന്ധ്യംകരണം നടത്തുവാനും പേവിഷബാധ കുത്തിവെപ്പ് നടത്തുവാനും നഗരസഭ തയാറാകണമെന്നും പ്രതിഷേധക്കാർ ആവശ്യപ്പെട്ടു.
കോടതികൾ, ബസ് ടെർമിനൽ, റെയിൽവേ സ്റ്റേഷൻ, ജനറൽ ആശുപത്രി പരിസരം തുടങ്ങിയ പ്രധാന ഇടങ്ങൾ നായ്ക്കൾ കൈയേറിയിരിക്കുകയാണ്. ഒരേ ദിവസം തന്നെയാണ് നഗരത്തിൽ പലയിടങ്ങളിലായി തെരുവ് നായ ആക്രമണം ഉണ്ടായത്. ഒരിടത്തും നായ് ശല്യം പ്രതിരോധിക്കുന്നതിനുള്ള നടപടിയില്ലെന്നതിന് തെളിവാണെന്ന് പാർലെമെന്ററി സെക്രട്ടറി എം.ജി. അരിസ്റ്റോട്ടിൽ പറഞ്ഞു.
ആന്റണി പൈനുതറ, ഹെൻട്രി ഓസ്റ്റിൻ, പയസ് ജോസഫ്, മാലിനി കുറുപ്പ്, അഭിലാഷ് തോപ്പിൽ, ലൈലാദാസ്, രജനി മണി, ശാന്ത ടീച്ചർ, സക്കീർ തമ്മനം, കെ.എം. മനാഫ്, ടിബിൻ ദേവസി, ഷൈല തദേവൂസ്, മിന്ന വിവേര, സോണി ജോസഫ്, മിനി ദിലീപ് എന്നിവർ പ്രസംഗിച്ചു.