കുന്പളങ്ങിയിലെ പാടത്ത് വിത്തുവിതയ്ക്കാൻ ഡ്രോൺ
1572614
Friday, July 4, 2025 4:26 AM IST
പള്ളുരുത്തി: പാടത്തെ ചെളിയിൽ ചവിട്ടാതെ വിത്തു വിതച്ച് കുമ്പളങ്ങി സ്വദേശി മാഞ്ചപ്പൻ. ചെറുപ്പം മുതൽ കൃഷി ചെയ്യുന്ന മാഞ്ചപ്പന് എൺപത്തിയൊന്ന് വയസുണ്ട്. കുമ്പളങ്ങി മണൽക്കൂറിലുള്ള മൂന്നേക്കറോളം പാടത്താണ് ഡ്രോൺ ഉപയോഗിച്ച് നിലവിൽ വിത്ത് വിതച്ചിരിക്കുന്നത്. ഡ്രോൺ ഉപയോഗിച്ചു കരയിൽ ഇരുന്ന് നിയന്ത്രിച്ചു നടത്തുന്ന ഈ വിത നാട്ടുകാർക്കും പുത്തൻ അനുഭവമായി.
ഈ വർഷം മഴ നേരത്തെ ആയതിനാൽ വിത്ത് വിതക്കാൻ സാധിച്ചിരിന്നില്ല. സമയത്ത് വിത്ത് വിതക്കൻ വേഗത്തിലാക്കുന്നതിനാണ് ഡ്രോൺ ഉപയോഗപ്പെടുത്തിയത്. കാക്കനാടുള്ള കൃഷിയുടെ എൻജിനീയറിംഗ് വിഭാഗമാണ് ഡ്രോൺ കൃഷി മാഞ്ചപ്പന് പരിചയപ്പെടുത്തി നടപടിയിലേക്കെത്തിച്ചത്. ഡ്രോൺ ഉപയോഗിച്ച് മരുന്ന് തളി, വളം ഇടീൽ എന്നിവ നടത്തിയിട്ടുണ്ടെങ്കിലും വിത്ത് വിതക്കൽ ജില്ലയിൽ തന്നെ ആദ്യമാണ്.
തൻ്റെ പൂർവികരുടെ കാലം മുതൽ നെൽകൃഷി മുങ്ങിയിട്ടില്ല, ഇത്തവണ മഴ നേരത്തെ വന്നതിനാൽ പാടം ഉണങ്ങി കിട്ടുവാൻ പ്രയാസമായി, നേരിട്ട് പോയി വിതക്കുവാൻ സാധിക്കാത്തതിനാലാണ് പ്രതികൂല സാഹചര്യമായിട്ടും ഡ്രോൺ ഉപയോഗിച്ച് കൃഷി നടത്തുവാൻ തീരുമാനിച്ചതെന്ന് മാഞ്ചപ്പൻ പറയുന്നു.
വിതക്കൽ കുടാതെ ജൈവകീടനാശിനി തളിക്കൽ, വളം ഇടീൽ തുടങ്ങിയവയും ഡ്രോണിലൂടെ നടത്തുന്നതിനുള്ള ഒരുക്കത്തിലാണ് മാഞ്ചപ്പൻ. നെൽവിത്ത് വിതക്കലിൽ കുമ്പളങ്ങി പഞ്ചായത്ത് പ്രസിഡന്റ് സൂസൻ ജോസഫ്, ജില്ലാ പഞ്ചായത്ത് അംഗം ദീപു കുഞ്ഞുകുട്ടി, കുമ്പളങ്ങി സഹകരണ ബാങ്ക് പ്രസിഡന്റ് നെൽസൻ കോച്ചേരി, മെമ്പർ ലീജ തോമസ് എന്നിവർ പങ്കെടുത്തു.