കുമ്പളങ്ങി-കല്ലഞ്ചേരി റോഡ് പുനർനിർമിക്കും
1573086
Saturday, July 5, 2025 4:21 AM IST
ഫോർട്ടുകൊച്ചി: കുമ്പളങ്ങി-കല്ലഞ്ചേരി റോഡ് പുനർനിർമിക്കണമെന്ന ജനങ്ങളുടെ ആവശ്യത്തിന് പരിഹാരമായി കെ.ജെ. മാക്സി എംഎൽഎ, പിഡബ്ല്യുഡി ഉദ്യോഗസ്ഥരുമായി സ്ഥലം സന്ദർശിച്ച് എസ്റ്റിമേറ്റ് തയാറാക്കുവാനുള്ള നടപടികൾ സ്വീകരിച്ചു.
കല്ലഞ്ചേരി വടക്കേ അറ്റം മുതൽ ചാലാവീട്ടിൽ സ്ലൂയീസ് വരെ ഒരു കിലോമീറ്റർ നീളത്തിൽ റീബിൽഡ് കേരള പദ്ധതിയിൽ ഉൾപ്പെടുത്തി റോഡ് പുനർനിർമിച്ചിരുന്നു. ബാക്കിയുള്ള 620 മീറ്റർ നീളത്തിലാണ് റോഡ് തകർന്നു കിടക്കുന്നത്.
പരിസരവാസികളുടെ നേതൃത്വത്തിൽ ഒപ്പുശേഖരണം നടത്തി എംഎൽഎക്ക് ഭീമഹർജി നൽകിയ വേളയിൽ തന്നെ ഹർജിക്കാർക്ക് ഉറപ്പ് നൽകിയിരുന്നു. എംഎൽഎ ക്കൊപ്പം വൻജനാവലിയുമുണ്ടായിരുന്നു.
കെ.ജെ. മാക്സി എംഎൽഎ ക്കൊപ്പം സിപിഎം ജില്ലാ കമ്മിറ്റി അംഗം പി.എ. പീറ്റർ, ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ജോബി പനക്കൽ, പഞ്ചായത്ത് മെമ്പർമാരായ ജെൻസി ആന്റണി, സജീവ് ആന്റണി, പി.ടി. സുധീർ, താരാ രാജു, ലോക്കൽ കമ്മിറ്റി സെക്രട്ടറി എൻ.എസ്. സുനീഷ് , മാർട്ടിൻ ആന്റണി, ടെൻസൻ കുറുപ്പശേരി തുടങ്ങിയവർ സന്നിഹിതരായിരുന്നു.