ചെല്ലാനം കടല്‍ഭിത്തി : സമയബന്ധിതമായി പൂര്‍ത്തിയാക്കും: മന്ത്രി റോഷി അഗസ്റ്റിന്
1573107
Saturday, July 5, 2025 4:48 AM IST
കൊച്ചി: ചെല്ലാനത്ത് ടെട്രാപോഡ് കടല്‍ ഭിത്തി നിര്‍മാണം സമയബന്ധിതമായി പൂര്‍ത്തിയാക്കുമെന്ന് മന്ത്രി റോഷി അഗസ്റ്റിന്. തീരദേശത്തെ ജനങ്ങളുടെ ബുദ്ധിമുട്ടുകള്‍ മനസിലാക്കി തീരസംരക്ഷണം പ്രധാന വിഷയമായാണ് സര്‍ക്കാര്‍ പരിഗണിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
ചെല്ലാനം, കണ്ണമാലി പ്രദേശങ്ങളിലെ കടലാക്രമണ ബാധിത പ്രശ്നങ്ങള്‍ വിലയിരുത്തുന്നതിനായി ചേര്‍ന്ന യോഗത്തില്‍ സംസാരിക്കുകയായിരുന്നു മന്ത്രി. 7.3 കിലോമീറ്ററില്‍ ടെട്രാപോഡ് കടല്‍ ഭിത്തി നിര്‍മാണം ആദ്യഘട്ടത്തില്‍ പൂര്‍ത്തീകരിച്ചിട്ടുണ്ട്. തുടര്‍ന്നുള്ള 3.5 കിലോമീറ്റര്‍ കൂടി നിര്‍മിക്കുന്നതിനുള്ള തുക നിലവില്‍ അനുവദിച്ചിട്ടുണ്ട്. നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ സമയബന്ധിതമായി പൂര്‍ത്തിയാക്കും.
അതിരൂക്ഷമായ കടലാക്രമണം നേരിടുന്ന പ്രദേശമെന്ന നിലയില്‍ ഈ വിഷയം ഗൗരവപൂര്‍ണമായാണ് സര്‍ക്കാര്‍ കാണുന്നത്. പ്രദേശത്തെ ജനങ്ങളുടെ പ്രതിഷേധം സര്‍ക്കാരിനെതിരല്ല. സര്‍ക്കാര്‍ ചെയ്ത പ്രവൃത്തി അഭിനന്ദിക്കുന്നതോടൊപ്പം തുടര്‍പ്രവർത്തികള്‍ ആവശ്യമാണെന്ന ബോധ്യപ്പെടുത്തലിന് വേണ്ടി നടത്തിയ ജനവികാരത്തിന്റെ ഭാഗമായാണ് അതിനെ കണ്ടതെന്നും മന്ത്രി പറഞ്ഞു.
ടെട്രാപോഡ് ഉപയോഗിച്ചുള്ള തീര സംരക്ഷണത്തിനും കടല്‍ഭിത്തി നിര്‍മാണത്തിനും ആദ്യമായി തെരഞ്ഞെടുത്ത സ്ഥലം ചെല്ലാനമാണ്. ജില്ലയുടെ ചുമതലയുള്ള മന്ത്രി പി.രാജീവും മന്ത്രി സജി ചെറിയാനും കെ.ജെ.മാക്സി എംഎല്‍എയും ഉള്‍പ്പെടെ ഈ വിഷയത്തില്‍ ഒരുമിച്ച് ആലോചിച്ചാണ് ടെട്രാപോഡ് ഉപയോഗിച്ചുള്ള പുനര്‍നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കമിടാന്‍ തീരുമാനിച്ചത്.
ചെല്ലാനത്തെ കടല്‍ഭിത്തി നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ പൂര്‍ണമായി കഴിഞ്ഞാല്‍ കടല്‍ മികച്ച രീതിയില്‍ ആസ്വദിക്കാന്‍ കഴിയുന്ന പ്രദേശമായി ഇതു മാറും. പുറത്തുനിന്ന് വരുന്നവരെ വരെ ആകര്‍ഷിക്കാന്‍ സാധിക്കുന്ന രീതിയില്‍ ടൂറിസം കേന്ദ്രമായി മാറ്റുന്നതിനുള്ള നടപടികള്‍ സ്വീകരിക്കും.
സംസ്ഥാനത്തെ കടല്‍ത്തീരത്തെ 24 ഭാഗങ്ങളിലായി ആകെ 41 കിലോമീറ്റര്‍ നീളത്തില്‍ 24 പ്രവൃത്തികള്‍ നടത്തുന്നതിനായി ലോകബാങ്കിന്റെ സഹായത്തോടു കൂടിയുള്ള നടപടികള്‍ ആരംഭിച്ചിട്ടുണ്ട്. ഹോട്ട്സ്പോട്ടുകള്‍ ആയ ശംഖുമുഖം (71.50 കോടി), കൊല്ലങ്കോട് (43.65 കോടി), ആലപ്പാട് (172.50 കോടി), കാപ്പാട് (76.26 കോടി) എന്നിവിടങ്ങളില്‍ സംരക്ഷണ നടപടികള്‍ക്കായി എന്‍സിസിആര്‍ എസ്റ്റിമേറ്റ് ലഭിച്ചിട്ടുണ്ട്. ഓരോ പ്രദേശത്തിന്റെയും കടലാക്രമണരീതി അനുസരിച്ച് പ്രവര്‍ത്തികള്‍ ഉടനെ തന്നെ ആരംഭിക്കും.
2021 ബജറ്റില്‍ ആകെ 5300 കോടിയുടെ തീരസംരക്ഷണ പ്രവൃത്തികളാണ് സര്‍ക്കാര്‍ പ്രഖ്യാപിച്ചത്. അതില്‍ 1500 കോടിരൂപ കിഫ്ബിയില്‍ നിന്നും ബാക്കി തുക എഡിബി അല്ലെങ്കില്‍ ലോകബാങ്ക് എന്നിവയുടെ സഹായത്തോടെ നടത്തുമെന്നായിരുന്നു പ്രഖ്യാപിച്ചത്.
എന്നാല്‍ ചെല്ലാനം ആദ്യ പ്രവൃത്തിക്കുശേഷം കിഫ്ബിയില്‍ നിന്ന് പണം ലഭിക്കുന്നതില്‍ കാലതാമസം നേരിട്ടപ്പോള്‍ എഡിബി മുഖാന്തിരം ഹോട്ട്സ്പോട്ടുകള്‍ ഉള്‍പ്പെടെ കൂടുതല്‍ സ്ഥലങ്ങളില്‍ കടല്‍ത്തീര സംരക്ഷണ പ്രവര്‍ത്തനത്തിനായി നടപടികള്‍ ആരംഭിച്ചിട്ടുണ്ട്.
എഡിബിയില്‍ നിന്ന് ഇക്കാര്യത്തിനായി ആകെ 466.67 ദശ ലക്ഷം ഡോളര്‍ (ഏകദേശം 4013 കോടി രൂപ) യുടെ പ്രവൃത്തികളാണ് വിഭാവനം ചെയ്തിട്ടുള്ളത്. ഇത് പ്രവൃത്തികളുടെ ആകെ തുകയാണ്. ഇതിന്റെ 70 ശതമാനം എഡിബിയും 30 ശതമാനം സംസ്ഥാന സര്‍ക്കാരുമാണ് വഹിക്കുന്നതെന്നും മന്ത്രി പറഞ്ഞു.
കണ്ണമാലി സെന്റ് ആന്റണീസ് പള്ളി പരിസരത്ത് നടന്ന യോഗത്തില്‍ കെ.ജെ.മാക്സി എംഎല്‍എ, കൊച്ചി രൂപത പിആര്‍ഒ ഫാ. ജോണി സേവിയര്‍ പുതുക്കാട്, ചെല്ലാനം പഞ്ചായത്ത് പ്രസിഡന്റ് കെ.എല്‍. ജോസഫ്, ഇറിഗേഷന്‍ എക്സിക്യൂട്ടീവ് എന്‍ജിനീയര്‍ ബി.അബ്ബാസ്, ഇറിഗേഷന്‍ സൂപ്രണ്ടിംഗ് എന്‍ജിനീയര്‍ പി.എസ്.കോശി, ജനപ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.