വിദ്യാലയത്തിനു മുന്നിൽ പോലീസില്ല : റോഡു മുറിച്ചുകടക്കാൻ പാടുപെട്ട് വിദ്യാർഥികൾ
1573081
Saturday, July 5, 2025 4:21 AM IST
ഫോർട്ടുകൊച്ചി: വിദ്യാലയങ്ങൾക്ക് മുന്നിൽ കുരുന്നുകൾക്ക് രക്ഷകരായി മാറേണ്ട പോലീസുകാരെ പലപ്പോഴും കാൺമാനില്ലെന്ന് രക്ഷിതാക്കളുടെയും സ്കൂൾ അധികൃതരുടേയും പരാതി. സ്കൂൾ തുറന്ന ദിനങ്ങളിലെല്ലാം ഡ്യൂട്ടിക്ക് പോലീസുകാർ ഉണ്ടായിരുന്നുവെങ്കിലും ഇപ്പോൾ കാണാനില്ലെന്നാണ് ആക്ഷേപം.
കുന്പളങ്ങി പെരുമ്പടപ്പ് സെന്റ് ആന്റണീസ് യുപി സ്കൂളിനു മുന്നിൽ കുട്ടികൾ റോഡ് മുറിച്ചു കടക്കുന്നത് സുഗമമാക്കാൻ സിഗ്നൽ ലൈറ്റുകൾ സ്ഥാപിച്ചിട്ടുണ്ടെങ്കിലും സ്റ്റോപ്പ് ലൈറ്റുകൾ തെളിയാത്തതു മൂലം 24 മണിക്കൂറും വാഹനങ്ങൾ ചീറി പായുകയാണ്.
സ്കൂളിലേക്ക് വരികയും പോരുകയും ചെയ്യുന്ന വിദ്യാർഥികൾ നന്നേ കഷ്ടപ്പെട്ടാണ് റോഡ് മുറിച്ചു കടക്കുന്നത്. സമീപത്ത് തന്നെ ബസ് സ്റ്റോപ്പ് ഉള്ളതിനാൽ ഗതാഗതക്കുരുക്കും ഈ സമയങ്ങളിൽ ഉണ്ടാകാറുണ്ട്. അപകടങ്ങളും ഇവിടെ നിത്യസംഭവമായി മാറിയിരിക്കുകയാണ്. തുറവൂർ-അരൂർ ആകാശപ്പാത നിർമാണം നടക്കുന്നതിനാൽ ഇരുചക്ര വാഹനമുൾപ്പെടെയുള്ള എല്ലാ വാഹനങ്ങളും കുമ്പളങ്ങി - പെരുമ്പടപ്പ് റോഡിലൂടെയാണ് യാത്ര ചെയ്യുന്നത്.
ഇതുമൂലം ഇതിലേയുള്ള വാഹന ഗതാഗതം ഇരട്ടിയായി വർധിച്ചിരിക്കുകയാണ്. കുമ്പളങ്ങി-എഴുപുന്ന റോഡിലൂടെയുള്ള ഗതാഗതവും അപകടങ്ങൾ ക്ഷണിച്ചു വരുത്തുകയാണെന്നും കുമ്പളങ്ങിയിലേയും പെരുമ്പടപ്പിലേയും വിദ്യാലയങ്ങൾക്ക് മുന്നിൽ പോലീസിനേയോ ഹോം ഗാർഡുകളേയോ നിർത്തി വിദ്യാർഥികൾക്ക് സുരക്ഷ ഉറപ്പുവരുത്തണമെന്നും ജനാധിപത്യ കേരള കോൺഗ്രസ് കുമ്പളങ്ങി മണ്ഡലം പ്രസിഡന്റ് ടെൻസൻ കുറുപ്പശേരി വകുപ്പ് മന്ത്രിമാർക്ക് നല്കിയ പരാതിയിൽ ആവശ്യപെട്ടിട്ടുണ്ട്.