കളിയെച്ചൊല്ലി കലഹം; സുഹൃത്തിനെ മർദിച്ച യുവാവ് അറസ്റ്റിൽ
1573111
Saturday, July 5, 2025 4:55 AM IST
ആലങ്ങാട്: പാനായികുളത്ത് ഫുട്ബോൾ കളിയെച്ചൊല്ലിയുള്ള വാക്കുതർക്കത്തെ തുടർന്നു യുവാവ് സുഹൃത്തിനെ മൂർച്ചയുള്ള ആയുധം ഉപയോഗിച്ച് ആക്രമിച്ചു. പാനായിക്കുളം നാലാംമൈൽ അൽ ഹുദ സ്കൂളിന് സമീപം തോട്ടകത്ത് വീട്ടിൽ അൾഡ്രിന് (21) ആണ് മർദനമേറ്റത്.
ഞരമ്പിനു മുറിവു പറ്റിയ അൾഡ്രിനെ കളമശേരി മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അൾഡ്രിന്റെ പരാതിയിൽ സുഹൃത്ത് ആലങ്ങാട് കുന്നേൽ പുതുശേരി വീട്ടിൽ ജോഫിനെ (20) ബിനാനിപുരം പോലീസ് അറസ്റ്റ് ചെയ്തു.
കഴിഞ്ഞ രാത്രിയാണു സംഭവം. ഫുട്ബോൾ കളി കഴിഞ്ഞ് വീട്ടിലെത്തിയശേഷം ഇരുവരും പരസ്പരം ഫോണിൽ മെസേജ് അയയ്ക്കുകയും തർക്കം രൂക്ഷമായതോടെ ജോഫിൻ രാത്രി അൾഡ്രിന്റെ പാനായിക്കുളത്തെ വീടിന്റെ പരിസരത്തെത്തി മൂർച്ചയുള്ള ആയുധം കൊണ്ട് ആക്രമിക്കുകയുമായിരുന്നു.