കുട്ടികളിലെ ലഹരി ഉപയോഗം : സിറ്റി പോലീസ് കമ്മീഷണർ നേരിട്ട് ഹാജരാകണമെന്ന് ഹൈക്കോടതി
1573114
Saturday, July 5, 2025 4:55 AM IST
കൊച്ചി: ജില്ലയിലെ കുട്ടികളില്‍ ലഹരി ഉപയോഗം കൂടുതലായി കണ്ടെത്തിയ സാഹചര്യത്തില്‍ കൊച്ചി സിറ്റി പോലീസ് കമ്മീഷണറോട് നേരിട്ട് ഹാജരാകാന്‍ നിര്‍ദേശിച്ച് ഹൈക്കോടതി. കുട്ടികളിലെ ലഹരി ഉപയോഗം എങ്ങനെ തടയുമെന്ന് വിശദീകരിക്കാനാണ് കൊച്ചി സിറ്റി പോലീസ് കമ്മീഷണറോട് ഹാജരാകാനായി ചീഫ് ജസ്റ്റീസ് നിതിന്‍ ജാംദാര്‍, ജസ്റ്റീസ് സി. ജയചന്ദ്രന് എന്നിവരടങ്ങിയ ഡിവിഷന് ബെഞ്ച് നിർദേശിച്ചിരിക്കുന്നത്.
2015 മുതല്‍ 2024 വരെയുള്ള കാലയളവില്‍ 18 വയസില്‍ താഴെയുളള 125 കുട്ടികള്‍ക്കെതിരെ കേസെടുത്തിട്ടുണ്ടെന്ന് സര്‍ക്കാര്‍ അറിയിച്ചതിനെ തുടര്‍ന്നാണ് നടപടി. ഇതില്‍ 56 കേസുകളും എറണാകുളത്തു നിന്നാണെന്ന് ആഭ്യന്തര വകുപ്പ് ഫയല്‍ ചെയ്ത റിപ്പോര്‍ട്ടില്‍ വിശദീകരിക്കുന്നു. കുട്ടികളിലെ മയക്കുമരുന്ന് ഉപയോഗം തടയാന്‍ നടപടി ആവശ്യപ്പെടുന്ന പൊതുതാത്പര്യ ഹര്‍ജിയാണ് കോടതി പരിഗണിച്ചത്.
സ്റ്റേറ്റ് ക്രൈം റിക്കാര്‍ഡ്സ് ബ്യൂറോയുടെ കണക്കാണ് സര്‍ക്കാര്‍ ഹാജരാക്കിയത്. മയക്കുമരുന്നിന് അടിമകളായ 341 കുട്ടികള്‍ക്ക് ജനമൈത്രി സുരക്ഷാ പദ്ധതിയുടെ ഭാഗമായി കൗണ്‍സലിംഗ് നല്‍കിയെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. 112 കുട്ടികള്‍ക്ക് ലഹരിവിമുക്ത ചികിത്സ നല്കി. ഡിജിറ്റലായുള്ള ലഹരി വിമുക്ത സേവനങ്ങള്‍ 478 കുട്ടികള്‍ പ്രയോജനപ്പെടുത്തി.
പ്രായപൂര്‍ത്തിയായവര്‍ക്കെതിരെ 2015ല്‍ 1,430 മയക്കുമരുന്ന് കേസുകളും 15,973 അബ്കാരി കേസുകളുമാണ് രജിസ്റ്റര്‍ ചെയ്തത്. 2024ല്‍ ഇത് യഥാക്രമം 8,160 ഉം 19,419ഉം ആയി വര്‍ധിച്ചു. ഫൊറന്‍സിക് ലാബുകളില്‍ ആവശ്യത്തിന് സ്റ്റാഫില്ലാത്തത് മയക്കുമരുന്നു കേസുകളുടെ നടത്തിപ്പിനെ ബാധിക്കുന്നുണ്ട്. ഫൊറന്‍സിക് റിപ്പോര്‍ട്ട് കിട്ടാത്തതിനാല്‍ കോടതികളില്‍ തീര്‍പ്പാകാതെ കിടക്കുന്ന എത്ര കേസുകളുണ്ടെന്ന് അറിയിക്കാനും ഹൈക്കോടതി രജിസ്ട്രിയോട് നിര്‍ദേശിച്ചിട്ടുണ്ട്.