സ്വകാര്യബസിന്റെ ചക്രം കാനയിൽ കുരുങ്ങി; ഒന്നരമണിക്കൂർ ഗതാഗതം തടസപ്പെട്ടു
1573359
Sunday, July 6, 2025 4:52 AM IST
പള്ളുരുത്തി: ഓടിക്കൊണ്ടിരുന്ന സ്വകാര്യ ബസിന്റെ മുൻ ചക്രം റോഡരികിലെ കാനയിൽ അകപ്പെട്ടതിനെ തുടർന്ന് ഗതാഗതം സ്തംഭിച്ചു. കുമ്പളങ്ങി വഴി - പെരുമ്പടപ്പ് റോഡിൽ ഇന്നലെ രാവിലെ പത്തരയോടെയാണ് സംഭവം.
പെരുമ്പടപ്പിൽ നിന്ന് എറണാകുളത്തേക്ക് പോവുകയായിരുന്ന ലിതിൻ ബസാണ് അപകടത്തിൽപ്പെട്ടത്. യാത്രക്കാർ ഉണ്ടായിരുന്നെങ്കിലും ആർക്കും അപകടം സംഭവിച്ചില്ല. കോൺഗ്രസ് പ്രവർത്തകൻ എൻ.ആർ. ശ്രീകുമാറിന്റെ വീടിന്റെ മതിലിലാണ് ബസ് തട്ടിയത്.
ഇതേത്തുടർന്ന് ഒന്നര മണിക്കൂറോളം പെരുമ്പടപ്പ് റോഡിൽ ഗതാഗതം തടസപ്പെട്ടു. പിന്നീട് ക്രെയിൻ ഉപയോഗിച്ചാണ് കാനയിൽ നിന്നും ബസിന്റെ ചക്രം പൊക്കിയെടുത്തത്. ഒരേ സമയം രണ്ട് വാഹനങ്ങൾക്ക് ഇതുവഴി കടന്ന് പോകാൻ കഴിയാത്ത സ്ഥിതിയാണ്.
പെരുമ്പടപ്പ് മുതൽ കുമ്പളങ്ങി വഴി വരെ കുടി വെള്ള പൈപ്പിടുന്നതിനായി വെട്ടിപ്പൊളിച്ച റോഡ് മാസങ്ങൾ കഴിഞ്ഞിട്ടും നന്നാക്കാൻ അധികൃതർക്കായിട്ടില്ല. കഴിഞ്ഞ ദിവസം റോഡിലെ കുഴിയിൽ വീണ് യുവതിയുടെ കൈക്ക് പരിക്കേറ്റിരുന്നു.