കണ്ണീരൊപ്പുന്ന തലമുറ കാലത്തിന്റെ ആവശ്യം: ദയാ ഭായി
1573369
Sunday, July 6, 2025 4:57 AM IST
മൂവാറ്റുപുഴ: കണ്ണീരൊപ്പുന്നതിൽ അഭിമാനിക്കുന്ന തലമുറയെയാണ് സമൂഹവും കാലവും ആവശ്യപ്പെടുന്നതെന്ന് സാമൂഹ്യ പ്രവർത്തക ദയാ ഭായി. മൂവാറ്റുപുഴ നിർമല കോളജ് സോഷ്യൽ വർക്ക് വിഭാഗത്തിന്റെ ഉദ്ഘാടന വേളയിൽ വിദ്യാർഥികളുമായി സംസാരിക്കുകയായിരുന്നു ദയാ ഭായി. ആദിവാസികൾ ഉൾപ്പെടുന്ന ഗോത്രങ്ങളുടെ സംസ്കാരം നശിപ്പിക്കുന്നതും ഒരു തരം ഹിംസയാണെന്നു ദയാ ഭായി പറഞ്ഞു.
കോളജ് ഓഡിറ്റോറിയത്തിൽ ജ്ഞാനദീക്ഷ എന്ന പേരിൽ സംഘടിപ്പിച്ച പരിപാടി സാമൂഹ്യപ്രവർത്തക നിഷ ജോസ് കെ. മാണി ഉദ്ഘാടനം ചെയ്തു. ഓരോ വിദ്യാർഥിയും സാമൂഹിക സംരംഭകരാവുക എന്നതാണ് ആവശ്യമെന്ന് നിഷ ജോസ് കെ. മാണി പറഞ്ഞു. കോളജ് മുൻ പ്രിൻസിപ്പൽ ഡോ. ടി.എം. ജോസഫ് അധ്യക്ഷത വഹിച്ചു.
കോളജ് പ്രിൻസിപ്പൽ റവ. ഡോ. ജസ്റ്റിൻ കെ. കുര്യാക്കോസ്, ബർസാർ ഫാ. പോൾ കളത്തൂർ, ആവോലി പഞ്ചായത്ത് പ്രസിഡന്റ് ഷെൽമി ജോണ്‍സ്, ബിസിഎം കോളജ് സോഷ്യൽ വർക്ക് വിഭാഗം മേധാവി ഡോ. ഐപ്പ് വർഗീസ്, വൈസ് പ്രിൻസിപ്പൽമാരായ ഡോ. സോണി കുര്യാക്കോസ്,
ഡോ. ജിജി കെ. ജോസഫ്, കോളജ് സോഷ്യൽ വർക്ക് വിഭാഗം മേധാവി സുജ തോമസ്, സെൽഫ് ഫിനാൻസിംഗ് ഡയറക്ടർ പ്രഫ. സജി ജോസഫ് എന്നിവർ പ്രസംഗിച്ചു. തുടർന്ന് കോളജിലെ ഇംഗ്ലീഷ്, മലയാളം, വുമണ്‍ സെൽ എന്നീ വിഭാഗങ്ങളുടെ സംയുക്താഭിമുഖ്യത്തിൽ സംവാദവും, ദയാ ഭായി അവതരിപ്പിച്ച നാടകവും അരങ്ങേറി.