യാത്ര ചെയ്ത ബസിടിച്ച് നഴ്സിന് ഗുരുതര പരിക്ക്
1573342
Sunday, July 6, 2025 4:25 AM IST
ആലുവ: യാത്ര ചെയ്തിറങ്ങിയ അതേ ബസിടിച്ച് ഗവ. ആശുപത്രിയിലെ നഴ്സിന് ഗുരുതര പരിക്ക്. ഇരിങ്ങാലക്കുട ഗവ. ആശുപത്രി നഴ്സിംഗ് അസിസ്റ്റന്റ് പള്ളിക്കരയിൽ താമസിക്കുന്ന കോലഞ്ചേരി പന്തലുമാവുങ്കൽ വീട്ടിൽ കുമാരന്റെ ഭാര്യ ബിന്ദുവി(48)നാണ് ഗുരുതരമായി പരിക്കേറ്റത്. പഴയ ബസ് സ്റ്റാൻഡിന് മുന്നിൽ ബസിറങ്ങി റെയിൽവേ സ്റ്റേഷനിലേക്ക് പോകാനായി റോഡ് മുറിച്ചു കടക്കവേ പിന്നിൽ നിന്ന് വരികയായിരുന്ന അതേ സ്വകാര്യ ബസിന്റെ ചക്രം കാലിലൂടെ കയറിയിറങ്ങുകയായിരുന്നു.
ഇന്നലെ രാവിലെ 6.30ഓടെയാണ് റെയിൽവേ സ്റ്റേഷൻ ജംഗ്ഷനിലാണ് അപകടം നടന്നത്. പള്ളിക്കരയിൽ നിന്നു കെഎൽ 40 വി 799 എന്ന ത്രീ കിംഗ്സ് എന്ന ബസിലാണ് ബിന്ദു ആലുവയിലെത്തിയത്. ആലുവയിൽ നിന്നും ഇരിങ്ങാലക്കുടയിലേക്ക് ട്രെയിൻ മാർഗം പോകാനാണ് ആലുവയിൽ ഇറങ്ങിയത്.
സ്റ്റോപ്പിൽ ബസിറങ്ങിയ ശേഷം മുന്നോട്ടു നടന്ന് സീബ്ര ലൈനിലൂടെ ജംഗ്ഷൻ മുറിച്ചുകടക്കുമ്പോഴാണ് അപകടം. ബിന്ദുവിന്റെ ഇടതുകാലിലൂടെ ബസിന്റെ മുൻചക്രം കയറിയിറങ്ങി. യാത്രക്കാർ ബഹളം വച്ചപ്പോൾ 15 മീറ്ററോളം നീങ്ങിയാണ് ബസ് നിർത്തിയത്. ഉടൻ ആലുവ ജില്ലാ ആശുപത്രിയിൽ പ്രഥമശുശ്രൂഷ നൽകിയ ശേഷം എറണാകുളം സ്പെഷലിസ്റ്റ് ആശുപത്രിയിലേക്ക് മാറ്റി.
പിന്നീട് എറണാകുളത്തെ സ്വ കാര്യ ആശുപത്രിയിൽ സർജറിക്ക് വിധേയമാക്കി. ഇടതുകാൽ മുറിച്ച് നീക്കേണ്ടി വരുമെന്നാണ് ഡോക്ടർമാർ അറിയിച്ചിട്ടുള്ളത്. ഭർത്താവ് കുമാരൻ സ്വകാര്യ സ്ഥാപന ജീവനക്കാരനാണ്.