ആലുവ പോലീസ് സ്റ്റേഷനിലെ ശുചിമുറി മാലിന്യം റോഡിലേക്ക് ഒഴുകി
1573358
Sunday, July 6, 2025 4:52 AM IST
ആലുവ: ആലുവ പോലീസ് സ്റ്റേഷനിൽ നിന്നും സെപ്റ്റിക് ടാങ്ക് നിറഞ്ഞ് ട്രഷറി റോഡിലേക്ക് ഒഴുകി. ആലുവ ടൗൺ എസ്എച്ച്ഒയ്ക്ക് ആലുവ നഗരസഭ സെക്രട്ടറി രേഖാമൂലം നോട്ടീസ് നൽകി.
വഴി യാത്രക്കാരൻ ഫോൺ മുഖേന അറിയിച്ചതിനെ തുടർന്ന് നഗരസഭാ ആരോഗ്യ വിഭാഗം ഉദ്യോഗസ്ഥർ സ്ഥലം സന്ദർശിച്ച ശേഷമാണ് സെക്രട്ടറി നോട്ടീസ് നൽകിയത്.
സെപ്റ്റിക് ടാങ്ക് മാലിന്യം ചോർന്ന് ട്രഷറി റോഡിലേക്ക് ഒഴുകുന്നതായും ദുർഗന്ധം വമിക്കുന്നതായുമാണ് നോട്ടീസിൽ പറയുന്നത്. പൊതുജനാരോഗ്യത്തെ ബാധിക്കുമെന്നതിനാൽ അടിയന്തരമായി പ്രശ്നം പരിഹരിക്കണമെന്നും അണുവിമുക്തമാക്കണമെന്നും നോട്ടീസിൽ ആവശ്യപ്പെട്ടിട്ടുണ്ട്.
ഇന്നലെ വൈകിട്ടാണ് സിഐ മഞ്ജുദാസിന് ആലുവ നഗരസഭ സെക്രട്ടറി പി.ജെ. ജെസിന്ത രേഖാമൂലം നോട്ടീസ് നൽകിയത്.