കഴുത്തിന് കുത്തേറ്റയാൾ മരിച്ചു; മധ്യവയസ്കൻ അറസ്റ്റിൽ
1573344
Sunday, July 6, 2025 4:25 AM IST
ആലുവ: നഗര മധ്യത്തിൽ കൂട്ടാളികൾ തമ്മിലുള്ള വാക്കേറ്റത്തിനിടെ കഴുത്തിന് കുത്തേറ്റയാൾ ചികിത്സയിലിരിക്കെ മരിച്ചു. ആലുവ യുസി കോളജിന് സമീപം വലിയപറന്പിൽ വീട്ടിൽ രാജന്റെ മകൻ എസ്. സാജൻ (ആനക്കാരൻ -46) ആണ് മരിച്ചത്. സംഭവവുമായി ബന്ധപ്പെട്ട് കോഴിക്കോട് നാദാപുരം സ്വദേശി അഷറഫി(52)നെ ആലുവ പോലീസ് അറസ്റ്റ് ചെയ്തു.
ഇന്നലെ രാവിലെ ഒന്പതോടെ ആലുവ പ്രൈവറ്റ് ബസ് സ്റ്റാൻഡിന് പിന്നിലെ ക്ലോക്ക് ടവർ ബിൽഡിംഗിലെ കോഫി ഷോപ്പിന് മുന്നിലായിരുന്നു സംഭവം. കുത്തേറ്റ സാജൻ നിരവധി പേരോട് സഹായം അഭ്യർഥിച്ച ശേഷമാണ് അവിടെ ഉണ്ടായിരുന്ന ഒരാൾ ഇയാളെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചത്. പിന്നീട് എറണാകുളം ഗവൺമെന്റ് മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും ജീവൻ രക്ഷിക്കാനായില്ല. അഷറഫിനെ നാട്ടുകാർ പിടികൂടി പോലീസിന് കൈമാറുകയായിരുന്നു.
മൂന്നു വർഷമായി ആലുവ മേൽപ്പാലത്തിന് അടിയിലാണ് അഷറഫും സാജനും കഴിഞ്ഞിരുന്നത്. ചെറിയ ജോലികൾക്ക് അഷറഫിനെ സാജൻ വിടാറുണ്ട്. കൂലി സംബന്ധിച്ച് കഴിഞ്ഞ വ്യാഴാഴ്ച ഇരുവരും തമ്മിൽ തർക്കം ഉണ്ടായിരുന്നു.
ഇതായിരിക്കാം കത്തിക്കുത്തിനു പ്രകോപനമായതെന്നാണ് കരുതുന്നത്. ഒട്ടേറെ ക്രിമിനൽ കേസുകളിലെ പ്രതിയാണ് കൊല്ലപ്പെട്ട സാജൻ. മൃതദേഹം കളമശേരി മെഡിക്കൽ കോളജ് ആശുപത്രി മോർച്ചറിയിൽ. പ്രതിയെ ഇന്ന് ആലുവ കോടതിയിൽ ഹാജരാക്കും. അഷറഫ് ആലുവ സ്റ്റേഷനിൽ നിരവധി മോഷണ കേസിലെ പ്രതിയാണ്.
photo 1 - കൊല്ലപ്പെട്ട സാജൻ
photo 2 - അറസ്റ്റിലായ അഷറഫ്