പെരുവംമുഴി റോഡ് നിർമാണത്തിലെ അനാസ്ഥ: ഹൈക്കോടതി ഇടപെട്ടു
1573367
Sunday, July 6, 2025 4:53 AM IST
പിറവം: പെരുവ - പിറവം - പെരുവംമുഴി റോഡ് നിർമാണത്തിൽ ഹൈക്കോടതി ഇടപെട്ടു. കരാർ കാലാവധി അവസാനിച്ച പെരുവംമുഴി റോഡ് ഉടൻ പൂർത്തിയാക്കണമെന്നും, തകർന്നു കിടക്കുന്ന റോഡുകളുടെ കുഴികളടച്ച് അടിയന്തിരമായി സഞ്ചാരയോഗ്യമാക്കണമെന്നും ആവശ്യപ്പെട്ട് ഹൈക്കോടതിയിൽ മുളക്കുളം സ്വദേശിയായ അഡ്വ. എൻ.പി. സേതു സമർപ്പിച്ച റിട്ട് ഹർജിയിലാണ് കോടതി ഇടപെട്ടിരിക്കുന്നത്.
കോടതിയിൽ അഡ്വ. ജോർജ് സെബാസ്റ്റ്യൻ മാത്തൂർ മുഖേന സമർപ്പിച്ച ഹർജിയിൽ എതിർ കക്ഷികളായ പൊതുമരാമത്ത് വകുപ്പിനും, കെഎസ്ടിപ്പിക്കും നീട്ടി നൽകിയ കാലാവധി കഴിഞ്ഞിട്ടും പൂർത്തിയാക്കാത്ത അനാസ്ഥയുടെ കാരണം കാണിച്ച് രണ്ടാഴ്ചയ്ക്കകം വിശദീകരണം നൽകാൻ ജസ്റ്റീസ് എൻ. നാഗരേഷ് ഉത്തരവ് പുറപ്പെടുവിച്ചു.
സർക്കാരിന്റെ റീ ബിൽഡ് കേരള പദ്ധതിയിലുൾപ്പെടുത്തി 98 കോടി രൂപയുടെ പെരുവ - പെരുവംമുഴി റോഡ് നിർമാണം നാലു വർഷം മുമ്പാണ് ആരംഭിച്ചത്. നിർമാണ ചുമതലയുണ്ടായിരുന്ന കെഎസ്ടിപി മുംബൈ ആസ്ഥാനമായുള്ള റെ- കമ്പനിക്കായിരുന്നു കരാർ നൽകിയിരുന്നത്.
നിർമാണം പ്രാരംഭ ഘട്ടത്തിൽ വളരെ വേഗത്തിലായിരുന്നെങ്കിലും, പിന്നീട് മന്ദഗതിയിലായി. ഇതിനിടെ 21 കിലോമീറ്റോളം നീളമുള്ള റോഡിൽ യാതൊരു പ്രശ്നങ്ങളുമില്ലാത്ത മുളക്കുളത്തെയും, ഊരമനയിലേയും പാലങ്ങൾ പൊളിച്ച് പുതിയ നിർമാണം ആരംഭിച്ചു. റോഡിന്റെ പലയിടങ്ങളിലും കലുങ്കുകൾ ഉൾപ്പടെ കുത്തിപ്പൊളിച്ച് താറുമാറാക്കി. ഇതിനിടെ നിർമാണം മന്ദഗതിയിലായതിനാൽ യാത്ര ദുഷ്കരമായതിനെത്തുടർന്ന് പ്രതിഷേധവും വ്യാപകമായി.
രണ്ടു പാലങ്ങളുടേയും നിർമാണം പാതിവഴിയിലായിരിക്കുകയാണ്. സമീപത്ത് നിർമിച്ചിരിക്കുന്ന അപ്രോച്ച് റോഡ് വഴിയുള്ള ഗതാഗതം ഏറെ ദുഷ്കരമാണ്. പെരുവംമുഴി റോഡ് ബിഎംബിസി നിലവാരത്തിൽ അഞ്ചര മീറ്റർ വീതിയിൽ നിർമിച്ചതായിരുന്നു. ഇത് അര മീറ്റർ കൂട്ടി ആറ് മീറ്ററിലാക്കുന്നതിനാണ് കോടികൾ മുടക്കി റോഡ് കുത്തിപ്പൊളിച്ച് കുളമാക്കിയിരിക്കുന്നത്. റോഡ് കടന്നുപോകുന്ന തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ ജനപ്രതിനിധികളുമായി ചർച്ചചെയ്യാതെ, ഉദ്യോഗസ്ഥർ സ്വന്തമായി അലൈൻമെന്റ് തയാറാക്കിയതിനെതിരെ ആക്ഷേപം ഉയർന്നിട്ടുണ്ട്.
സർക്കാർ യഥാസമയം ഫണ്ട് നൽകാത്തതിനെത്തുടർന്നാണ് നിർമാണം സാവധാനത്തിലായതെന്നായിരുന്നു കരാർ കമ്പനിയുടെ വിശദീകരണം. ഏതായാലും ഏതാനും മാസങ്ങൾക്ക് കരാറെടുത്ത റേ - കമ്പനി പണി ഉപേക്ഷിച്ച് പിൻവാങ്ങുകയും ചെയ്തതോടെ റോഡിന് ശനി ദിശയായി.
നിർമാണം പുതിയ കമ്പനിയെ ഏൽപ്പിച്ചിട്ടുണ്ടെന്നാണ് അധികൃതർ പറയുന്നത്. രണ്ടാമത് വീണ്ടും റോഡിന്റെ കരാർ ആയിട്ടുണ്ടന്നാണ് അറിയുന്നത്. കോടതി പ്രശ്നത്തിൽ ഇടപെട്ട സ്ഥിതിക്ക് പ്രശ്നങ്ങൾക്ക് പരിഹാരമാകുമെന്ന വിശ്വാസത്തിലാണ് നാട്ടുകാർ.