ഒൻപത് കുടുംബങ്ങൾക്ക് വീടൊരുക്കി ഡോ. സബൈൻ
1573368
Sunday, July 6, 2025 4:57 AM IST
മൂവാറ്റുപുഴ: നിർധനരായ ഒന്പത് കുടുംബങ്ങളുടെ വീടെന്ന സ്വപ്നം യാഥാർഥ്യമാക്കി സബൈൻ ഹോസ്പിറ്റൽസും അതിഥി ചാരിറ്റബിൾ സൊസൈറ്റിയും. താമസസജ്ജമായ വീടുകളുടെ താക്കോൽ സമർപ്പണം 13ന് വൈകിട്ട് ആറിന് മന്ത്രി കെ. രാജൻ നിർവഹിക്കുമെന്ന് സബൈൻ ആശുപത്രി എംഡി ഡോ. എസ്. സബൈൻ പത്രസമ്മേളനത്തിൽ അറിയിച്ചു.
ഡോ. സബൈന്റെ പിതാവ് പി.എൻ. ശിവദാസന്റെ 18-ാം ചരമ വാർഷികത്തിലാണ് ഒന്പത് കുടുംബങ്ങൾക്ക് വീടു നൽകുന്നത്. പ്രസവം, സിസേറിയൻ എന്നിവ കുറഞ്ഞ നിരക്കിൽ മരുന്നുകളടക്കം ലഭ്യമാക്കാനുള്ള പദ്ധതിക്കും ഇതോടൊപ്പം തുടക്കമാകും. ആരോഗ്യ സുരക്ഷയുടെ ജനാധിപത്യ പ്രക്രിയ ശക്തിപ്പെടുത്തുക എന്ന ലക്ഷ്യത്തോടെ ആശുപത്രിയുടെ ഗവേഷണ വിപുലീകരണ പദ്ധതികളും തുടർന്നുണ്ടാകുമെന്നും ഡോ. സബൈൻ പറഞ്ഞു.
മൂവാറ്റുപുഴ പേഴക്കാപ്പിള്ളി സബൈൻ ആശുപത്രി അങ്കണത്തിൽ നടക്കുന്ന ചടങ്ങിൽ മാത്യു കുഴൽനാടൻ എംഎൽഎ അധ്യക്ഷനാകും. ഡീൻ കുര്യാക്കോസ് എംപി, എൽദോസ് കുന്നപ്പിള്ളി എംഎൽഎ, കേരള ബാങ്ക് പ്രസിഡന്റ് ഗോപി കോട്ടമുറിക്കൽ, മുസ്ലിം ലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യദ് സാദിക്കലി ഷിഹാബ് തങ്ങൾ, മുൻ എംഎൽഎമാരായ ഏൽദോ ഏബ്രഹാം, ജോസഫ് വാഴക്കൻ, ബാബു പോൾ, ജോണി നെല്ലൂർ, ബിജെപി എറണാകുളം ഈസ്റ്റ് ജില്ലാ ജനറൽ സെക്രട്ടറി അരുണ് പി. മോഹൻ തുടങ്ങിയവർ പ്രസംഗിക്കും.
അതിഥി ഹോംസ് എന്ന പേരിലാണ് 2.35 കോടി ചെലവഴിച്ച് 35 സെന്റ് സ്ഥലത്ത് ഒരേ മാതൃകയിലുള്ള ഒന്പത് വീടുകൾ നിർമിച്ചിരിക്കുന്നത്. 550 ചതുരശ്ര അടി വലിപ്പത്തിൽ നിർമിച്ചിരുക്കുന്ന വീടുകളിൽ രണ്ട് അറ്റാച്ച്ഡ് ബെഡ്റൂമുകൾ, അടുക്കള, സ്വീകരണ മുറി എന്നിവയും മറ്റ് സൗകര്യങ്ങളും ഒരുക്കിയിട്ടുണ്ട്. 3.5 സെന്റിലാണ് ഓരോ വീടും. പായിപ്ര പഞ്ചായത്തിലും സമീപ പ്രദേശങ്ങളിൽ നിന്നുള്ള 100 അപേക്ഷകരിൽ നിന്ന് ഏറ്റവും അർഹരായവരെ കണ്ടെത്താൻ പ്രത്യേതം കമ്മറ്റി രൂപവത്കരിച്ചിരുന്നു. ഇവരാണ് വീടുനല്കേണ്ടവരെ നിശ്ചയിച്ചത്.
നൂറ് വീടുകളാണ് സൗജന്യമായി നൽകുവാൻ ഉദ്ദേശിച്ചിരിക്കുന്നതെന്നും ഇതിന്റെ ആദ്യഘട്ടമാണ് ഒന്പത് വീടുകൾ നൽകുന്നതെന്നും ഡോ. സബൈൻ ശിവദാസ് പറഞ്ഞു. രണ്ടാംഘട്ടം താമസിയാതെ തുടങ്ങും. മലപ്പുറം താനൂരിലും തിരുവനന്തപുരത്തും ഇപ്പോൾ സബൈൻ ആശുപത്രി പ്രവർത്തിക്കുന്നുണ്ട്.
അതിഥി ചാരിറ്റബിൾ സൊസൈറ്റി അംഗവും ഭവന പദ്ധതി ചെയർമാനുമായ പി.എ. ബഷീർ, സബൈൻ ഹോസ്പിറ്റൽ സിഇഒ ഡോ. സാന്റി സാജൻ, മാർക്കറ്റിംഗ് വിഭാഗം ജനറൽ മാനേജർ ജെ. പ്രദീഷ് എന്നിവരും പത്രസമ്മേളനത്തിൽ പങ്കെടുത്തു.